ശമ്പളം കിട്ടിയിട്ട് 3 മാസം, കാര്യവട്ടം ക്യാമ്പസിലെ താൽകാലിക ഫാം ജീവനക്കാര്‍ ദുരിതത്തിൽ

By Web TeamFirst Published Nov 25, 2022, 7:24 AM IST
Highlights

ഈ ബോണ്ട് സര്‍വകലാശാലാ ആസ്ഥാനത്ത് എത്തി ബില്ല് മാറി വരുന്നതിനുള്ള കാലതാമസാണ് ശമ്പളം  വൈകാൻ കാരണമെന്നാണ് സര്‍വകലാശാലാ വിശദീകരണം

 

തിരുവനന്തപുരം : മൂന്നുമാസമായി ശമ്പളം കിട്ടാതെ കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ താത്കാലിക ഫാം ജീവനക്കാര്‍. ശമ്പളം നൽകാൻ മൂന്ന് മാസം കൂടുമ്പോൾ ബോണ്ട് എഴുതി നൽകണമെന്ന വ്യവസ്ഥ നടപ്പാക്കിയതും ബോണ്ട് കൈകാര്യം ചെയ്യുന്നതിൽ സര്‍വകലാശാല വരുത്തുന്ന കാലതാമസവുമാണ് പ്രതിസന്ധിക്ക് കാരണം. 14 ജീവനക്കാരാണ് ശന്പളം മുടങ്ങിയതോടെ പ്രതിസന്ധിയിലായത്

 

ബോട്ടണിയിൽ ബിരുദാനന്തര ബിരുദവും ഗവേഷണവും നടത്തുന്ന വിദ്യാര്‍ഥികൾക്കായി സസ്യങ്ങൾ നട്ടുവളര്‍ത്തി തോട്ടങ്ങൾ സംരക്ഷിക്കുന്നവര്‍ക്കാണ് ദുര്‍ഗതി. അഞ്ച് വനിതാ ജീവക്കാര്‍ ഉൾപ്പെടെയുള്ളവര്‍ക്ക് ഓഗസ്റ്റിന് ശേഷം ശമ്പളം  കിട്ടിയിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് കൃത്യമായി കിട്ടിയിരുന്ന ശമ്പളമാണ് ബോണ്ട് ഏര്‍പ്പെടുത്തിയതോടെ പലപ്പോഴായി മുടങ്ങുന്നത്. 675 രൂപ ദിവസവേതനം ആശ്രയിച്ച് കുടുംബം മുന്നോട്ടുകൊണ്ടുപോകുന്ന ഇവരിൽ പലര്‍ക്കും നിത്യജീവിതം തന്നെ വഴിമുട്ടി.

22 സ്ഥിരം ജിവനക്കാര്‍ വിരമിച്ച ഒഴിവ് നികത്താതെ തുച്ഛമായ ശമ്പളം  നൽകി ഫാം ക്യാഷ്വൽ ലേബേഴ്സ് ആയി നിയമനം നൽകിയവരെയാണ് ശമ്പളം  നൽകാതെ സര്‍വകലാശാല വട്ടം കറക്കുന്നത്. 14 പേരിൽ 26 വര്‍ഷമായി ജോലി ചെയ്യുന്നവരുമുണ്ട്. ശമ്പളം  കിട്ടാതായതോടെ പലരും ജോലി നിര്‍ത്തിപ്പോയി. ഒരോ വര്‍ഷം കരാര്‍ പുതുക്കി നൽകുന്നതിന് പകരം മൂന്നുമാസം കൂടുമ്പോൾ ജീവനക്കാര്‍ സ്വന്തമായി ബോണ്ട് എഴുതി വകുപ്പ് മേധാവിയ്ക്ക് നൽകണം. ഇതിന് 300 രൂപ ജീവനക്കാര്‍ കണ്ടെത്തണം. ഈ ബോണ്ട് സര്‍വകലാശാലാ ആസ്ഥാനത്ത് എത്തി ബില്ല് മാറി വരുന്നതിനുള്ള കാലതാമസാണ് ശമ്പളം  വൈകാൻ കാരണമെന്നാണ് സര്‍വകലാശാലാ വിശദീകരണം. ഒന്നാംതീയതി വരെ കാത്തിരിക്കാനാണ് ഏറ്റവും ഒടുവിൽ ജീവനക്കാര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം

ബിഎസ്എന്‍എല്‍ സഹകരണ സംഘത്തില്‍ കോടികളുടെ വെട്ടിപ്പ്,നിക്ഷേപകരറിയാതെ വായ്പ, 6മാസത്തിൽ പരിഹാരമെന്ന് പ്രസിഡന്‍റ്

click me!