സഹകരണ വകുപ്പ് നിര്‍ദേശിക്കുന്ന പലിശ നിരക്കില്‍ കൂടുതല്‍ ഇവര്‍ കൊടുത്തതോടെയാണ് പലരും കിട്ടിയതെല്ലാം നിക്ഷേപിച്ചത്. ഒരു കോടിയിലധികം നിക്ഷേപിച്ചവരും നിരവധി. എന്നാല്‍ കുറച്ച് മാസങ്ങളായി പലിശ കൊടുക്കുന്നത് കൂടി മുടങ്ങിയതോടെയാണ് കോടികള്‍ കാണാനില്ലാത്ത കാര്യം നിക്ഷേപകര്‍ അറിഞ്ഞു തുടങ്ങിയത്


തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘത്തില്‍ കോടികളുടെ വെട്ടിപ്പ്. ബിഎസ്എന്‍എല്ലില്‍ നിന്ന് സ്വയം വിരമിക്കുമ്പോൾ കിട്ടിയ ലക്ഷങ്ങളാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘത്തില്‍ കാണാനില്ലാത്തത്.നിക്ഷേപകരുടെ പേരില്‍ അവരറിയാതെ ലക്ഷങ്ങള്‍ വായ്പ എടുത്തതായും പരാതിയുണ്ട്. 250ലധികം നിക്ഷേപകര്‍ സംഘടിച്ചപ്പോള്‍ ആറുമാസത്തിനകം പണം തിരിച്ച് നൽകാമെന്ന് സഹകരണ സംഘം പ്രസിഡണ്ടും ബോര്‍ഡംഗങ്ങളും അറിയിക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് എസ്ക്ലുസീവ്

സഹകരണ സംഘത്തിന്‍റെ പേര് ബിഎസ്എന്‍എല്‍ എഞ്ചിയറിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി. പ്രവര്‍ത്തിക്കുന്നത് തിരുവനന്തപുരം സ്റ്റാച്യൂ ഉപ്പളം റോഡിലുള്ള ബിഎസ്എന്‍എല്‍ കെട്ടിടത്തിനുള്ളില്‍. മൂപ്പത് വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഈ സഹകരണ സംഘത്തില്‍ ബിഎസ്എന്‍എല്ലിലെ മിക്ക ഓഫീസര്‍മാര്‍ക്കും ലക്ഷങ്ങള്‍ നിക്ഷേപമുണ്ട്.രണ്ട് വര്‍ഷം മുമ്പ് ബിഎസ്എന്‍എല്ലില്‍ നിന്ന് വളണ്ടിയര്‍ റിട്ടയര്‍മെന്‍റ് വാങ്ങിയവരില്‍ മിക്കവരും ഈ സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചു. സഹകരണ വകുപ്പ് നിര്‍ദേശിക്കുന്ന പലിശ നിരക്കില്‍ കൂടുതല്‍ ഇവര്‍ കൊടുത്തതോടെയാണ് പലരും കിട്ടിയതെല്ലാം നിക്ഷേപിച്ചത്. ഒരു കോടിയിലധികം നിക്ഷേപിച്ചവരും നിരവധി. എന്നാല്‍ കുറച്ച് മാസങ്ങളായി പലിശ കൊടുക്കുന്നത് കൂടി മുടങ്ങിയതോടെയാണ് കോടികള്‍ കാണാനില്ലാത്ത കാര്യം നിക്ഷേപകര്‍ അറിഞ്ഞു തുടങ്ങിയത്.

ബിഎസ്എന്‍എല്ലില്‍ നിന്ന് വിരമിച്ച് ഇവിടെ നിക്ഷേപം നടത്തിയ ഇവരുടെ ബന്ധുക്കളും സുഹൃത്തുകളും അയല്‍വാസികളും എല്ലാം പണം പിന്‍വലിക്കാനെത്തിത്തുടങ്ങി. വരുന്നവരോടൊക്കെ ഒന്നും രണ്ടും മാസം ഇടവേള ചോദിച്ചു. ഒടുവില്‍ നിക്ഷേപകരെല്ലാം തിരുവനന്തപുരത്ത് സംഘടിക്കുകയായിരുന്നു. പലരും പ്രസിഡണ്ടിനോടും ഭരണസമിതിയംഗങ്ങളോടും പൊട്ടിത്തെറിച്ചു. ആറുമാസത്തിനകം എല്ലാം ശരിയാക്കാം എന്നായിരുന്നു പ്രസിഡണ്ടിന്‍റെ പ്രതികരണം.

നിക്ഷേപമുള്ളവരുടെയും ഇല്ലാത്തവരുടെയും എല്ലാം പേരില്‍ അവരറിയാതെ വ്യാപകമായി വായ്പകളെടുത്തിട്ടുണ്ട്. 45 കോടി രൂപയുടെ നിക്ഷേപമാണ് ഉള്ളതെന്നാണ് പ്രസിഡണ്ട് പറയുന്നത്. എന്നാല്‍ 200 കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ടെന്ന് ഇവിടെയെത്തിയ പലരും പറയുന്നു. ഈ പണം ആരാണ് കൊണ്ടുപോയതെന്ന് കണ്ടെത്തണമെന്നും സംഘം ഭരണ സമിതി അംഗങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ബിഎസ്എന്‍എല്‍ ഓഫീസില്‍ തന്നെ സഹകരണ സംരക്ഷണ വേദി എന്ന പേരില്‍ ഒരു ബോര്‍ഡ് വെച്ചിട്ടുണ്ട്.