
കൊച്ചി: വയനാട് മുട്ടിൽ വനംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സ്റ്റേ ഇല്ല. പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. മുട്ടിൽ വനംകൊള്ളയക്ക് പിറകിൽ വൻ മാഫിയാ സംഘമാണെന്നും മരം കൊള്ളയുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
മുട്ടിൽ മരം മുറി കേസിൽ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുൽത്താൻ ബത്തേരി കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികളായ ആന്റോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനും ഹൈക്കോടതിയെ സമീപിച്ചത്. സർക്കാർ അനുമതിയുടെ അടിസ്ഥാനത്തിലാണ് മരം മുറിച്ചതെന്നും തങ്ങൾക്കെതിരെ ചുമത്തിയ വകുപ്പുകൾ നിയമപരമായി നിലനിൽക്കില്ല എന്നുമായിരുന്നു പ്രതികളുടെ വാദം. നിയമാനസൃത രേഖകകൾ ഉള്ള ഭൂമിയിലായിരുന്നു മരം മുറിച്ചത്. ഇതിന്‍റെ വിശദാംസങ്ങൾ കൽപ്പറ്റ ഡുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയ്ക്ക് കൈമാറിയരുന്നതായും പ്രതികൾ കോടതിയെ അറിയിച്ചു.
എന്നാൽ പ്രതികളുടെ വാദം തെറ്റാണെന്നും സർക്കാർ ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്താണ് മരംമുറി നടത്തിയെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ ഷാജി കോടതിയെ അറിയിച്ചു. അന്വേഷണം പ്രാഥമികഘട്ടത്തിൽ ആണ്. മരം മുറിച്ചു കടത്തിയതിന് പിന്നിൽ വൻ മാഫിയകൾ ഉണ്ട്. കോടികളുടെ മരം ഇവർ മുറിച്ചു കടത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. വില്ലേജ് ഓഫീസർമാർ അടക്കം അന്വേഷണം നേരിടുകയാണെന്നും കോടതിയിൽ വ്യക്തമാക്കി. സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ച ജസ്റ്റിസ് നാരായണപിഷാരടി അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം തള്ളി.
അതേസമയം മരം മുറിക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥനെതിരെ എന്ത് നടപടി എടുത്തു എന്ന് ജസ്റ്റിസ് പി ഗോപിനാഥ് ചോദിച്ചു. കാസർകോട്ടെ ഭൂമിയിൽ നിന്ന് മുറിച്ചു കടത്തിയ മരങ്ങൾ കണ്ടു കെട്ടുന്നത് ചോദ്യം ചെയ്തു ലിസമ്മ സെബാസ്റ്റ്യൻ നൽകിയ ഹർജിയി പരിഗണിക്കുമ്പോഴാണ് കോടതി പരാമർശം. മരം മുറിക്കാൻ ഉത്തരവിട്ട ഉദ്യോഗസ്ഥനെതിരെ വിജിലൻസ് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഹർജിയിൽ വെള്ളിയാഴ്ചക്കകം നിലപാട് അറിയിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam