
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടിനേക്കാൾ ഉപരി നിലപാടുകൾക്ക് മുൻഗണന നൽകുന്ന രാഷ്ട്രീയ ശൈലിയാണ് തന്‍റേതെന്ന് ആവർത്തിച്ച മുഖ്യമന്ത്രി, ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യങ്ങളിൽ കോടതി ചോദിക്കുന്നതിന് മാത്രം മറുപടി നൽകുക എന്നതാണ് നിലവിലെ നയമെന്നും വ്യക്തമാക്കി.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സർക്കാർ ഏകപക്ഷീയമായ ഒരു നിലപാട് അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ഈ വിഷയത്തിൽ ആ രംഗത്തെ പണ്ഡിതരുണ്ട്, വിദഗ്ധരുണ്ട്, സാമൂഹ്യ പരിഷ്കർത്താക്കളുണ്ട്. അവരുമായി വിശദമായ ചർച്ചകൾ നടത്തണം. അതിന് ശേഷമേ ഒരു അന്തിമ നിലപാടിലേക്ക് എത്താൻ സാധിക്കൂ,' മുഖ്യമന്ത്രി പറഞ്ഞു. കോടതിയായാലും ഇത്തരത്തിൽ എല്ലാവരുമായും ചർച്ച ചെയ്ത് വേണം തീരുമാനമെടുക്കാൻ എന്നാണ് സർക്കാരിന് കോടതിയോട് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും കോടതി വിധി നടപ്പാക്കുമെന്നും പറഞ്ഞിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയോ എന്ന ചോദ്യത്തിന്, സുപ്രീം കോടതി ഇപ്പോൾ നമ്മളോട് അഭിപ്രായം ചോദിച്ചിട്ടില്ല എന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 'കോടതി ചോദിക്കുന്ന കാര്യങ്ങൾക്ക് മാത്രം ഉത്തരം നൽകുക എന്നതാണ് ഇപ്പോഴത്തെ രീതി. കോടതി വീണ്ടും അഭിപ്രായം ചോദിക്കുകയാണെങ്കിൽ അപ്പോൾ എന്ത് പറയണം എന്ന് ആലോചിക്കും,' അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സിപിഎമ്മിന് വ്യക്തമായ നയമുണ്ടെന്നും അത് 20016-ൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. എന്നാൽ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കോടതിയുടെ വിധി എന്താണോ അതനുസരിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ താല്പര്യപ്പെടുന്നത്. കോടതി തന്നെ തന്‍റെ മുൻപത്തെ വിധികൾ പരിശോധിക്കുകയും മയപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ, കോടതി എന്ത് തീരുമാനിക്കുന്നുവോ അത് പോലെ കാര്യങ്ങൾ നടക്കട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി പങ്കുവെച്ചത്.
'നാല് വോട്ടിന് വേണ്ടിയല്ല, നിലപാടുകൾക്കാണ് താൻ പ്രാധാന്യം നൽകുന്നത്' എന്ന് മുൻപ് നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ ഇപ്പോഴും ആ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു എന്ന് അദ്ദേഹം മറുപടി നൽകി. രാഷ്ട്രീയമായ ലാഭത്തേക്കാൾ തത്വദീക്ഷയുള്ള നിലപാടുകൾക്കാണ് സിപിഎം മുൻഗണന നൽകുന്നത്. ശബരിമല വിഷയത്തിൽ വിശ്വാസികളെയും പണ്ഡിതരെയും വിശ്വാസത്തിലെടുത്തു കൊണ്ടുള്ള ഒരു പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ശബരിമല വിഷയത്തിനപ്പുറം, പൊതുസമൂഹത്തിലും ഭരണരംഗത്തും സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് വലിയ പ്രാധാന്യം നൽകുന്ന നയങ്ങളാണ് സർക്കാർ നടപ്പിലാക്കി വരുന്നത്. കൂടുതൽ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി വരാനിരിക്കെ, മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. വിശ്വാസികളെ പ്രകോപിപ്പിക്കാതെയും എന്നാൽ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്നോട്ട് പോകാതെയുമുള്ള ഒരു മധ്യവർത്തി നിലപാടാണ് മുഖ്യമന്ത്രി ഈ അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam