
കണ്ണൂർ: കണ്ണൂരിലെ കടുത്ത സ്ഥാനാർത്ഥി തർക്കത്തിന് ശേഷം ആദ്യമായി കോണ്‍ഗ്രസ് സ്ഥാനാർത്ഥി ടി ഒ മോഹനൻ കെ സുധാകരന്‍റെ വീട്ടിൽ എത്തി. ഹൈക്കമാൻഡിന് നൽകിയ വാക്ക് താൻ പാലിച്ചെന്ന് കെ സുധാകരൻ ടി ഒ മോഹനനോട് പറഞ്ഞു. കെ സുധാകരൻ നാളെ കണ്ണൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കും. കോൺഗ്രസിനെ വിജയിപ്പിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കുമെന്ന് ഹൈക്കമാൻഡിന് നൽകിയ വാക്ക് പാലിച്ചു എന്നാണ് സുധാകരൻ പറഞ്ഞതെന്ന് ടി ഒ മോഹനൻ വിശദീകരിച്ചു. സുധാകരന്റെ ഉപദേശം അനുസരിച്ചാണ് മുന്നോട്ടു പോയിട്ടുള്ളതെന്നും അത് ഇനിയും തുടരുമെന്നും ടി ഒ മോഹനൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. മോഹനനെ ഷാൾ അണിയിച്ചാണ് സുധാകരൻ സ്വീകരിച്ചത്. ക്ഷീണിതനാണെന്നും അതിനാൽ മാധ്യമങ്ങളോട് കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.
കണ്ണൂരിൽ സ്ഥാനാർത്ഥിയാകാൻ കെ സുധാകരൻ സമ്മർദം ചെലുത്തിയിരുന്നെങ്കിലും എംപിമാർ മത്സരിക്കേണ്ട എന്ന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിൽക്കുകയായിരുന്നു. സ്ഥാനാർത്ഥിയായി ടി ഒ മോഹനനെ തീരുമാനിക്കുകയും ചെയ്തു. പിന്നാലെ ടി ഒ മോഹനൻ വിജയ പ്രതീക്ഷ പങ്കുവെച്ചു. കണ്ണൂർ കോർപ്പറേഷൻ മുൻ മേയർ കൂടിയാണ് ടി.ഒ. മോഹനൻ. കെ സുധാകരൻ തന്റെയും നേതാവാണെന്നും അദ്ദേഹം മുന്നിൽ നിന്ന് നയിക്കുമെന്നും അദ്ദേഹത്തിന് പിന്നിൽ അണിനിരക്കുമെന്നും മോഹനൻ വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഹൈക്കമാൻഡ് തീരുമാനം വന്നതോടെ എല്ലാം പഴയതുപോലെയായി എന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂർ തന്റെ പ്രധാന പ്രവർത്തന മേഖലയാണെന്നും അതിനാൽ തന്നെ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിയുമെന്നും മോഹനൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രചാരണത്തിന് ഇത്തിരി സമയം വൈകിയെങ്കിലും അത് വിജയത്തെ ബാധിക്കില്ലെന്നും വേഗത്തിൽ തന്നെ വോട്ടർമാരിലേക്ക് എത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 37 മണ്ഡലങ്ങളിലെ കൂടി പട്ടിക പുറത്തുവിട്ടതോടെ കോൺഗ്രസ് സ്ഥാനാർത്ഥി ചിത്രം പൂർണ്ണമായി. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിന്നതോടെയാണ് കെ സുധാകരനും അടൂർ പ്രകാശും പിന്മാറിയത്.
കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് കെ സുധാകരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. പാർട്ടിയെ വെല്ലുവിളിച്ച് താൻ മത്സരിക്കില്ല. താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ മാത്രമേ മത്സരിക്കൂ എന്നും സുധാകരന്‍ ദില്ലിയില്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ പിന്തുണയ്ക്കുന്നവർ എല്ലായിടത്തുമുണ്ട്. അത് പാർട്ടിയെ ശക്തിപ്പെടുത്താനാണ്, വെല്ലുവിളിക്കാൻ അല്ലെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ സുധാകരനെ വിളിച്ച് അനുനയിപ്പിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam