സ്റ്റോക്കുള്ളത് മൂന്നര ലക്ഷം ഡോസ് വാക്സീൻ മാത്രം; വാക്സിനേഷൻ മുടങ്ങാതിരിക്കാൻ എന്ത് വിലകൊടുത്തും വാങ്ങാൻ കേരളം

By Web TeamFirst Published Apr 25, 2021, 10:51 AM IST
Highlights

കോഴിക്കോട് സെക്കന്‍റ് ഡോസ് എടുക്കാന്‍ എത്തുന്ന ആരോ​ഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് വാക്സീന്‍ നല്‍കും. തിരുവനന്തപുരത്ത് ഒരു കേന്ദ്രങ്ങളിലും വാക്സീന്‍ വിതരണമില്ല. 

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ സ്റ്റോക്കുള്ളത് 330693 ഡോസ് വാക്സീൻ. ഒരു ദിവസം നിശ്ചിത എണ്ണം ക്രമീകരിച്ച് നല്‍കിയാൽ പോലും പരമാവധി മൂന്ന് ദിവസത്തേക്ക് മാത്രം. കൂടുതൽ സ്റ്റോക്കെത്തുകയോ വാക്സീൻ നേരിട്ട് വാങ്ങുകയോ ചെയ്തില്ലെങ്കില്‍ ശനിയാഴ്ച മുതല്‍ തുടങ്ങുന്ന 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ തുടങ്ങാനാകില്ല.

ഓണ്‍ലൈൻ രജിസ്റ്റര്‍ ചെയ്തെത്തിയ 194427 പേര്‍ക്കാണ് കഴിഞ്ഞ ദിവസം വാക്സീൻ നല്‍കിയത്. ഇനിയുള്ളത് 3.3ലക്ഷം ഡോസ് വാക്സീൻ. ഒരു ദിവസം ഒരു ലക്ഷം പേര്‍ക്ക് വീതം നല്‍കിയാൽ മൂന്ന് ദിവസം കൊണ്ട് സ്റ്റോക്ക് തീരും. അതായത് വ്യാഴാഴ്ച മുതല്‍ എങ്ങനെ വാക്സിനേഷൻ നടത്തുമെന്ന് സര്‍ക്കാരിനൊരു പിടിയുമില്ല. നിലവില്‍ തന്നെ ഓരോ ജില്ലയിലും വാക്സിനേഷൻ ക്യാംപുകളുടെ എണ്ണം പരമാവധി കുറച്ചിട്ടുണ്ട്. അടുത്ത ശനിയാഴ്ച വരെയുള്ള രജിസ്ട്രേഷൻ പൂര്‍ണമായിട്ടുണ്ട്. ഇനി വാക്സീൻ എത്തുന്ന മുറയ്ക്കുമാത്രമേ പുതിയ രജിസ്ട്രേഷൻ തുടങ്ങാൻ കഴയുവെന്ന സ്ഥിതിയാണ്.  

ഇതിനിടെ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനായി ഈ വരുന്ന ബുധനാഴ്ച മുതൽ രജിസ്ട്രേഷൻ തുടങ്ങും . മെയ് ഒന്നു മുതല്‍ കുത്തിവെപ്പും തുടങ്ങണം. എന്നാല്‍ വാക്സീൻ സ്റ്റോക്കില്ലാതെ എങ്ങനെ രജിസ്ട്രേഷൻ തുടങ്ങുമെന്നാണ് സംസ്ഥാനത്തിന്‍റെ ആശങ്ക. ഈ ഘട്ടത്തിലാണ് പണം മുടക്കി വാക്സീൻ വാങ്ങാനുള്ള കേരളത്തിന്‍റെ തീരുമാനം. രാജ്യാന്തരതലത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ത്യയില് വാക്സീന് നിശ്ചയിച്ചതെന്നാണ് കേരളത്തിന്‍റെ നിലപാട്. എന്നാലും കൊവിഡ് തരംഗത്തിന്‍റെ വ്യാപനം കുറയ്ക്കാൻ വാക്സീൻ അനിവാര്യമാണെന്നതിനാല്‍ എന്തുവിലകൊുത്തും വാക്സീൻ വാങ്ങാനാണ് കേരളത്തിന്‍റെ തീരുമാനം.
 

click me!