വേതന വർദ്ധനയില്ല; ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടറെ ജീവനക്കാർ ഉപരോധിച്ചു

By Web TeamFirst Published Jun 27, 2019, 10:25 AM IST
Highlights

യൂണിറ്റ് ഹെൽപ്പർ, ക്ലീനിംഗ് ജീവനക്കാർ,ഓഫീസ് അസിസ്റ്റന്റുമാർ എന്നിവർ ചേർന്നാണ് ഡെപ്യൂട്ടി ഡയറക്ടർ വി കെ ഗിരിജാവല്ലഭനെ ആറു മണിക്കൂറോളം തടഞ്ഞുവച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു വിഭാഗം ജീവനക്കാർ ഡെപ്യൂട്ടി ഡയറക്ടറെ ഉപരോധിച്ചു. യൂണിറ്റ് ഹെൽപ്പർ, ക്ലീനിംഗ് ജീവനക്കാർ, ഓഫീസ് അസിസ്റ്റന്റുമാർ എന്നിവർ ചേർന്നാണ് ഡെപ്യൂട്ടി ഡയറക്ടർ വി കെ ഗിരിജാവല്ലഭനെ ആറു മണിക്കൂറോളം തടഞ്ഞുവച്ചത്. വേതന വർദ്ധനവുമായി ബന്ധപ്പെട്ടായിരുന്നു ജീവനക്കാരുടെ പ്രതിഷേധം.

ജീവനക്കാരുടെ വേതന വർദ്ധന, തസ്തിക മാറ്റം എന്നിവയെ കുറിച്ച് പഠിക്കാൻ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ശ്രീചിത്ര എംപ്ലോയീസ് ഓർഗനൈസേഷൻ കേഡർ റിവ്യൂ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. താഴെത്തട്ടിലുളള ജീവനക്കാർക്ക് യാതൊരു ആനുകൂല്യവും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി. 

കൂട്ടിരിപ്പുകാരില്ലാത്ത രോഗികളെ പരിചരിക്കുന്നതടക്കമുളള ജോലികൾ ചെയ്തിട്ടും താഴെത്തട്ടിലെ 180ഓളം ജീവനക്കാരെ മാനേജ്മെന്റ് അവഗണിക്കുന്നുവെന്ന് ജീവനക്കാർ ആരോപിച്ചു. പുതിയൊരു കമ്മിറ്റി രൂപീകരിച്ച് മൂന്ന് മാസത്തിനകം ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. 

click me!