
പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെള്ളമില്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങി. രണ്ട് ശസ്ത്രക്രിയകളാണ് മുടങ്ങിയത്. ശസ്ത്രകിയ ആവശ്യമുള്ള രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. പത്ത് രോഗികൾ ഡിസ്‍ചാർജ് വാങ്ങി മറ്റ് ആശുപത്രികളിലേക്ക് പോയി. ആശുപത്രിയിൽ വെള്ളം എത്താതായിട്ട് രണ്ട് ദിവസമായെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.
മോട്ടോറിൽ ചെളി അടിഞ്ഞതാണ് വെള്ളം മുടങ്ങാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ ഇത് പരിഹരിക്കാൻ നടപടി ഒന്നും ഉണ്ടായില്ല. ശസ്ത്രക്രിയ മുടങ്ങിയതോടെ, ഇതിനായി പാലക്കാട് ജില്ലാ ആശുപത്രിയെയോ, മണ്ണാർക്കാട്ടെ ആശുപത്രികളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. ചുരമിറങ്ങി ഈ രണ്ടിടത്തും എത്താൻ സമയമെടുക്കും എന്നതിനാൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നാൽ രോഗിയുടെ ജീവൻ തന്നെ അപകടത്തിലാകും. കനത്ത മഴയെ തുടർന്ന് മരം വീണതോടെ കഴിഞ്ഞ ദിവസം ചുരത്തിൽ ഉൾപ്പെടെ അട്ടപ്പാടി മേഖലയിൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിരുന്നു. മോട്ടോറിലെ ചെളി നീക്കി അറ്റകുറ്റപ്പണി നടത്തിയാൽ ഈ പ്രതിസന്ധി പിരിഹരിക്കാമെന്നിരിക്കെയാണ് രോഗികളുടെ ജില്ലാ ആശുപത്രിയിലേക്ക് പറഞ്ഞയച്ച് അധികൃതർ കയ്യൊഴിയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam