'കണ്ണൂരിൽ ബോംബ് നിർമാണത്തിന് വെടിമരുന്ന് എത്തിക്കാൻ മണി ചെയിൻ മാതൃകയിൽ ശൃംഖല'

By Web TeamFirst Published Jul 16, 2022, 9:02 AM IST
Highlights

സ്ഫോടകവസ്തുക്കൾ വിതരണം ചെയ്യുന്ന സംവിധാനം നിയന്ത്രിക്കുന്നത് പൊടിക്കുണ്ട് സ്വദേശി അനൂപ് മാലിക്, യഥേഷ്ടം വിതരണം തുടരുമ്പോഴും പ്രതി ഒളിവിലെന്ന് പൊലീസ്

കണ്ണൂർ: പടക്ക നി‍ർമാണ കമ്പനികൾക്കുള്ള ലൈസൻസിന്റെ മറവിലാണ് ബോംബ് നിർമിക്കാനുള്ള വെടിമരുന്ന് തമിഴ‍്നാട്ടിൽ നിന്നും  എത്തിക്കുന്നത്. മാഹി വടകര ഭാഗങ്ങളിലെ പടക്ക നിർമാണ ശാലകളിൽ നിന്ന് ഏജന്റുമാർ വഴി കണ്ണൂരിലെ ക്രിമിനൽ സംഘങ്ങൾ ഈ വെടിക്കോപ്പ് കടത്തിക്കൊണ്ടുവരും. മണി ചെയിൻ പോലെയുള്ള ഈ സംവിധാനം തകർക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രധാന കണ്ണിയായ അനൂപ് മാലിക്ക് നിരവധി സഫോടന കേസുകളിൽ പ്രതിയാണെങ്കിലും ഒളിവിലിരുന്ന്  വെടിമരുന്ന് വിതരണം തുടരുകയാണ്.

2016 മെയ് 24ന് രാത്രി കണ്ണൂർ നഗരത്തിനുള്ളിൽ ഒരു ഉഗ്ര സ്ഫോടനമുണ്ടായി. പൊടിക്കുണ്ടിലെ അനൂപ് മാലിക്കിന്റെ വീട് തവിട് പൊടി. ചുറ്റിലുമുള്ള പത്തിലേറെ വീടുകളും ഭാഗികമായി തകർന്നു. അനൂപിന്റെ മകൾക്ക് ഗുരുതരമായി പൊള്ളലേറ്റു. നഗരത്തെ ഞെട്ടിച്ച ഫോടനത്തിന്റെ പിന്നാലെ വെളിവായത് അനൂപ് മാലിക്കിന്റെ ക്രിമിനൽ ലോകം. ഒരു  ലൈസൻസുമില്ലാതെ ഉത്സവങ്ങൾക്ക് ഗുണ്ട് വിതരണം ചെയ്യുന്ന അനൂപ് പാർട്ടി വത്യാസം ഇല്ലാതെ രാഷ്ട്രീയക്കാർക്കും യഥേഷ്ടം ബോംബുണ്ടാക്കാൻ വെടിമരുന്ന് കൊടുത്തു. അങ്ങനെ സൂക്ഷിച്ച വെടിമരുന്നാണ് പൊട്ടിത്തെറിച്ചത്.   പൊടിക്കുണ്ടിന് പിന്നാലെ ചാലക്കുന്നിൽ സ്ഫോടക ശേഖരം പിടിച്ചതിലും പന്നേൻപാറയിൽ വെടിമരുന്ന് കണ്ടെത്തിയതിലും പ്രതിസ്ഥാനത്ത് അനൂപുണ്ടായിരുന്നു. ഏറ്റവും അവസാനം തോട്ടടയിൽ കല്യാണ പാർട്ടിയിൽ ബോംബേറുണ്ടായി ഒരാൾ മരിച്ച കേസിലും വെടിമരുന്ന് നൽകിയത് അനൂപ്. 

പൊലീസിന്റെ മൂക്കിൻ തുമ്പിൽ നിന്ന് അനൂപ് വെടിമരുന്ന് വിതരണം ചെയ്യുമ്പോഴും ഇയാൾ ഒളിവിലാണെന്ന് പറഞ്ഞ് ഉരുണ്ടുകളിക്കുന്നു അന്വേഷണ സംഘം. അനൂപ് ഉൾപ്പെടെ ദല്ലാൾമാർക്ക് ഈ വെടിമരുന്ന്  എവിടെ നിന്നു വരുന്നു എന്ന ചോദ്യം എത്തി നിൽക്കുന്നത് മാഹിയിലേയും വടകരയിലേയും പടക്ക നിർമാണ കമ്പനികളിലേക്കാണ്. 

ഈ കണ്ണിയിൽ മുൻപ് ഉണ്ടായിരുന്ന ഒരാൾ ഈ അധോലോക പ്രവർത്തനം വിവരിക്കുന്നത് ഇങ്ങനെ... 'മണി ചെയിൻ പോലെയാണിത്. വെടിമരുന്ന് വേണ്ടവർ പണം ഏജന്റിന് കൈമാറണം. അയാൾ മറ്റൊരാൾക്ക്. അങ്ങനെ കണ്ണിയുടെ അവസാനം വെടിമരുന്ന് വിതരണക്കാരിലെത്തും. പണം പോയ വഴിതന്നെ വെടിക്കോപ്പും മടങ്ങിയെത്തും. തന്നത് ആരെന്ന് ഒരിക്കലും അറിയുകയുമില്ല.'

ബോംബ്  സ്ഫോടനക്കേസുകളുടെ വേരറുക്കണമെങ്കിൽ ഈ ചങ്ങല പൊട്ടിക്കണം. അതിന് പൊലീസ് മെനക്കെടാറില്ല.



 

 

click me!