നൊബേൽ ജേതാവിനോട് ക്ഷമ ചോദിച്ച് സർക്കാർ: പരാതിയില്ലെന്ന് ലെവിറ്റ്, നാല് പേർ അറസ്റ്റിൽ

By Web TeamFirst Published Jan 9, 2020, 10:41 AM IST
Highlights

ആലപ്പുഴയില്‍ നൊബേൽ ജേതാവിനെ തടഞ്ഞ സംഭവത്തില്‍ നാല് പേർ അറസ്റ്റിൽ. കൈനകരി സ്വദേശികളായ അജി, ജോളി, സാബു, സുധീർ എന്നിവരാണ് പിടിയിലായത്. 

ആലപ്പുഴ: പണിമുടക്കിനിടെ സമരാനുകൂലികൾ തടഞ്ഞ സംഭവത്തില്‍ പരാതിയില്ലെന്ന് നോബൽ സമ്മാന ജേതാവ് മൈക്കൽ ലെവിറ്റ്. കേരളം മനോഹരമാണെന്നും വിവാദങ്ങളില്‍ താല്‍പര്യമില്ലെന്നും മൈക്കൽ ലെവിറ്റ് കുമരകത്ത് മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴ കളക്ടര്‍ മൈക്കൽ ലെവിറ്റിനെ കണ്ട് ക്ഷമ ചോദിച്ചതിനുശേഷമാണ് പ്രതികരണം. അതേസമയം, സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം ആർ ബ്ലോക്ക് ബ്രാഞ്ച് സെക്രട്ടറി അജി, ജോളി, മുൻ ബ്രാഞ്ച് സെക്രട്ടറി സാബു, കെഎസ്കെടിയു കൺവീനർ സുധീർ, സിഐടിയു നേതാവ് അജികുമാർഎന്നിവരാണ് പിടിയിലായത്. അറസ്റ്റിലായവർ കൈനകരി സ്വദേശികളാണ്. 

കുമരകം കാണുന്നതിനെത്തിയ മൈക്കൽ ലെവിറ്റും ഭാര്യയും സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് ആർ ബ്ലോക്കിൽ വച്ചാണ് ചില സമരാനുകൂലികൾ തടഞ്ഞത്. ഇനിയങ്ങോട്ട് യാത്ര ചെയ്യാനാകില്ലെന്ന് സമരാനുകൂലികൾ നിലപാടെടുത്തു. തുടർന്ന് രണ്ട് മണിക്കൂറോളം ഇവർ ഹൗസ് ബോട്ടിൽ കായലിന് നടുവിൽ കുടുങ്ങി. വിനോദസഞ്ചാരമേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുകയാണെന്ന് സംയുക്ത സമരസമിതിയുടെ പ്രഖ്യാപനം അവഗണിച്ചാണ് കുമരകത്ത് നിന്ന് എത്തിയ ഹൗസ് ബോട്ട് ആർ ബ്ലോക്കിൽ സമരാനുകൂലികൾ തടഞ്ഞിട്ടത്. 

2013-ൽ കെമിസ്ട്രിയിൽ നൊബേൽ സമ്മാനം നേടിയ ലിത്വാനിയൻ സ്വദേശിയാണ് മൈക്കൽ ലെവിറ്റ്. ദക്ഷിണാഫ്രിക്കയിൽ ജനിച്ച അദ്ദേഹം കിങ്സ് കോളേജ് പോലെ പ്രസിദ്ധമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം പൂർത്തിയാക്കിയ ശേഷം, ഇപ്പോൾ സ്റ്റാൻഫോർഡ് സർവകലാശാലയിൽ അധ്യാപകനാണ്. 

Also Read: പണിമുടക്കിനിടെ ഹൗസ് ബോട്ട് തടഞ്ഞു: നൊബേൽ സമ്മാനജേതാവും ഭാര്യയും കുടുങ്ങി

click me!