Asianet News MalayalamAsianet News Malayalam

പണിമുടക്കിനിടെ ഹൗസ് ബോട്ട് തടഞ്ഞു: നൊബേൽ സമ്മാനജേതാവും ഭാര്യയും കുടുങ്ങി

വിനോദസഞ്ചാരമേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയെന്ന് വ്യക്തമാക്കിയിരുന്നതാണ്. എന്നിട്ടും തടഞ്ഞ ഹൗസ് ബോട്ടിൽ ആലപ്പുഴ കാണാനെത്തിയ നോബേൽ സമ്മാനജേതാവും ഭാര്യയും കുടുങ്ങിയത് മണിക്കൂറുകൾ. 

house boat stopped in alappuzha amid 24 hour strike Nobel prize winner and wife stuck
Author
Thiruvananthapuram, First Published Jan 8, 2020, 4:08 PM IST

ആലപ്പുഴ: പണിമുടക്കിനിടെ സമരാനുകൂലികൾ ആലപ്പുഴയിൽ ഹൗസ് ബോട്ട് തടഞ്ഞപ്പോൾ കുടുങ്ങിയത് നൊബേൽ സമ്മാന ജേതാവ് മൈക്കൽ ലെവിറ്റും ഭാര്യയുമാണ്. വിനോദസഞ്ചാരമേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുകയാണെന്ന് സംയുക്ത സമരസമിതി നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. ഇത് അവഗണിച്ചാണ് കുമരകത്ത് നിന്ന് എത്തിയ ഹൗസ് ബോട്ട് ആർ ബ്ലോക്കിൽ സമരാനുകൂലികൾ തടഞ്ഞിട്ടത്. 

2013-ൽ കെമിസ്ട്രിയിൽ നൊബേൽ സമ്മാനം നേടിയ ലിത്വാനിയൻ സ്വദേശിയാണ് മൈക്കൽ ലെവിറ്റ്. ദക്ഷിണാഫ്രിക്കയിൽ ജനിച്ച അദ്ദേഹം കിങ്സ് കോളേജ് പോലെ പ്രസിദ്ധമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം പൂർത്തിയാക്കിയ ശേഷം, ഇപ്പോൾ സ്റ്റാൻഫോർഡ് സർവകലാശാലയിൽ അധ്യാപകനാണ്. 

നടന്നതെന്ത്?

രാവിലെ 11 മണിയോടെയാണ് സംഭവം. കുമരകത്ത് നിന്ന് മൈക്കൽ ലെവിറ്റും ഭാര്യയും സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് ആർ ബ്ലോക്കിൽ വച്ചാണ് ചില സമരാനുകൂലികൾ തടഞ്ഞത്. ഇനിയങ്ങോട്ട് യാത്ര ചെയ്യാനാകില്ലെന്ന് സമരാനുകൂലികൾ നിലപാടെടുത്തു. തുടർന്ന് രണ്ട് മണിക്കൂറോളം ഇവർ ഹൗസ് ബോട്ടിൽ കായലിന് നടുവിൽ കുടുങ്ങി. 

ഹൗസ് ബോട്ട് ഡ്രൈവറായ ശരത് സംഭവത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതിങ്ങനെ:

''ബോട്ടെടുക്കരുതെന്ന് ഞങ്ങളോട് നേരത്തേ പറഞ്ഞിരുന്നു. എടുക്കുവാണെങ്കിൽ രാവിലെ ആറ് മണിക്ക് മുമ്പേ ചെക്കൗട്ട് ചെയ്തോണമെന്ന് പറഞ്ഞു. പിന്നെ വിനോദസഞ്ചാരത്തെ ഇത് ബാധിക്കില്ല, തടയില്ല എന്നൊക്കെയുള്ള പ്രഖ്യാപനം കണ്ടപ്പോ ഞങ്ങള് രാവിലെ പത്ത് മണിയോടെ ബോട്ടെടുത്തു. ബോട്ടെടുത്ത് അരമണിക്കൂർ പോയപ്പോൾ, ഇന്നലെ നിങ്ങളോട് പറഞ്ഞതല്ലേ എന്ന് പറഞ്ഞ് ബോട്ട് തടഞ്ഞ് കെട്ടിയിട്ടു. ഒന്നര രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ പതുക്കെ പോലീസ് സ്റ്റേഷനിലേക്ക് വിളിയൊക്കെ പോയപ്പോൾ, അവര് പതുക്കെ ഞങ്ങളോട് പറഞ്ഞു ബോട്ടെടുത്ത് പൊക്കോളാൻ''. 

തെറ്റുകാർക്കെതിരെ നടപടി

തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെ വലിയ പ്രക്ഷോഭമാണ് രാജ്യത്ത് നടന്നതെന്നും, അത്തരമൊരു വലിയ സമരത്തിന്‍റെ ശോഭ കെടുത്തുന്ന തരത്തിൽ എന്തെങ്കിലും പ്രവർത്തനങ്ങൾ പാർട്ടിയിലെ ആരുടെയെങ്കിലും ഭാഗത്ത് നിന്നുണ്ടായെങ്കിൽ ഉത്തരവാദികളെ കണ്ടെത്തി കൃത്യമായ നടപടിയുണ്ടാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വീഡിയോ റിപ്പോർട്ട് ഇവിടെ:

Follow Us:
Download App:
  • android
  • ios