
കൊച്ചി: ബിജെപി നേതാവ് ജോർജ് കുര്യനെതിരെ വിമർശനവുമായി പാർട്ടിയിൽ നിന്ന് പുറത്താക്കിയ അഡ്വ. നോബിൾ മാത്യു. തന്നെ പുറത്താക്കാൻ കാരണം ജോർജ് കുര്യൻറെ കുടില തന്ത്രങ്ങൾ ആണെന്നും ജോർജ് ചെയ്ത പല കാര്യങ്ങളും തനിക്കറിയാം അത് പറയേണ്ടിവരുമെന്നും നോബിൾ മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താഴെ തട്ടിൽ നിന്ന് തൻ്റെ പേരാണ് ഉണ്ടായിരുന്നത്. ജോർജ് കുര്യൻ്റെ പേര് ഉണ്ടായിരുന്നില്ലെന്നും നോബിൾ മാത്യു പറഞ്ഞു.
ജോർജ് കുര്യൻ അദ്ദേഹത്തിൻ്റെ മണ്ഡലമായ കടുത്തുരുത്തിയിൽ മൽസരിക്കണമായിരുന്നു. തന്നെ പുറത്താക്കാൻ രാജീവ് ചന്ദ്രശേഖറിന് അധികാരമില്ലെന്നും നോബിൾ മാത്യു പറഞ്ഞു. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിരാണ് അഡ്വ. നോബിൾ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സ്ഥാനാർഥി പട്ടികക്കെതിരായ പ്രതികരണങ്ങളിലാണ് നടപടി. ഇന്നലെ പട്ടിക വന്നതു മുതൽ നോബിൾ മാത്യു അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. അവിടെയാണ് അപ്രതീക്ഷിതമായി ജോർജ് കുര്യനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ നോബിൾ മാത്യു വിമതനായി മത്സരിക്കാനുള്ള സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ബിജെപി നേതൃത്വം അതിവേഗം നടപടി എടുക്കുകയായിരുന്നു. ന്യൂനപക്ഷമോർച്ചയുടെ നേതാവ് കൂടിയാണ് നോബിൾ മാത്യു.
പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും പുറത്തുനിർത്തിക്കൊണ്ടുള്ള രാഷ്ട്രീയ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് നോബിൾ മാത്യു പ്രതികരിച്ചത്. സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ്പ് പോരും വീതംവെപ്പുമാണ് നടന്നതെന്നും നോബിൾ മാത്യു ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam