'പൊലീസിനെ ആക്രമിച്ചു', തലസ്ഥാനത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

Published : Jun 14, 2022, 07:35 AM IST
'പൊലീസിനെ ആക്രമിച്ചു', തലസ്ഥാനത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ കേസ്

Synopsis

അതേസമയം, കെപിസിസി ഓഫീസ് ആക്രമണത്തിൽ ഇത് വരെ പൊലീസ് കേസെടുത്തിട്ടില്ല. കേസിൽ കോൺഗ്രസ് പ്രവർത്തകർ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും മൊഴിയെടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

തിരുവനന്തപുരം: തലസ്ഥാനത്തെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. കെപിസിസി ഓഫീസ് സിപിഎം പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ചുള്ള സമരത്തിനിടെ പൊലീസിനെ ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചിരുന്നു. സമരത്തിനിടെ പൊലീസുദ്യോഗസ്ഥരെ മർദ്ദിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. 

അതേസമയം, കെപിസിസി ഓഫീസ് ആക്രമണത്തിൽ ഇത് വരെ പൊലീസ് കേസെടുത്തിട്ടില്ല. കേസിൽ കോൺഗ്രസ് പ്രവർത്തകർ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും മൊഴിയെടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മൊഴി വാങ്ങിയ ശേഷം ഇന്ന് കേസെടുക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായതിന് പിന്നാലെ ഇന്നലെ സംസ്ഥാനത്ത് പലയിടത്തും വ്യാപകസംഘ‍ർഷമാണുണ്ടായത്. തിരുവനന്തപുരത്ത് പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കോൺഗ്രസ് ഫ്ലെക്സുകൾ നശിപ്പിച്ചു. കെപിസിസി ഓഫീസിനു നേരെ കല്ലെറിഞ്ഞു. മുന്നിലെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. കെപിസിസി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം പട്ടിക കൊണ്ട് അടിച്ചുതകർക്കാനും ശ്രമമുണ്ടായി. മുതിർന്ന നേതാവ് എ കെ ആന്‍റണി ഇന്ദിരാ ഭവനിലിരിക്കേ ആണ് ഈ അക്രമമുണ്ടായത്. തിരുവനന്തപുരം പൗഡിക്കോണത്ത് കോൺഗ്രസ് ഓഫീസിന് നേരെ അക്രമമുണ്ടായി. ബോർഡുകളും മറ്റും സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു.

കെപിസിസി ഓഫീസ് അക്രമത്തിൽ പ്രതിഷേധിച്ച് കൊച്ചിയിൽ എംജി റോഡിൽ കോൺഗ്രസ് പ്രവർത്തകർ ടയർ കത്തിച്ച്, റോഡ് ഉപരോധിച്ചു. ഇടുക്കിയിൽ ഡിസിസി പ്രസിഡണ്ട് സിപി മാത്യുവിന്‍റെ വാഹനം ആക്രമിച്ചു. കണ്ണൂർ ഡിസിസി ഓഫീസിന് നേരെ കല്ലേറുണ്ടായി. ഇരിട്ടിയിൽ പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. പത്തനംതിട്ട അടൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. കൊല്ലം പന്മനയിൽ യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ സംഘർഷമുണ്ടായി. കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. കാസർകോട് നീലേശ്വരത്തും പീലിക്കോടും കോൺഗ്രസ് ഓഫീസുകൾ അടിച്ചു തകർത്തു. 

ഇതിനെല്ലാമിടയിൽ ഇന്നലെ വെള്ളയമ്പലത്ത് സിഐടിയു ഓഫീസിന് നേരെയും ഇന്നലെ ആക്രമണം ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ ഉണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന്റെയും കെപിസിസി ഓഫീസിലെ അക്രമത്തിന്റെയും പശ്ചാതലത്തിൽ സംസ്ഥാന വ്യാപകമായി ജാഗ്രത തുടരാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. കോൺഗ്രസ് ഇന്ന് സംസ്ഥാനത്താകെ കരിദിനത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്. ഇന്നും സംസ്ഥാനത്തെ തെരുവുകൾ കലാപകലുഷിതമാകാൻ തന്നെയാണ് സാധ്യത. 

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം