
സാമ്പത്തിക പ്രതിസന്ധിയിലായ എന്‍.എഫ്.സി ഫൈനാന്‍സിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപെട്ട് നിക്ഷേപകര്‍. പണം എവിടെയെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തി നിക്ഷേപകര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. അതേസമയം അന്വേഷണത്തോട് സഹകരിക്കുമെന്ന് ഫൈനാന്‍സ് ഉടമകള്‍ അറിയിച്ചു.
1962 മുതല്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യസ്ഥാപനമായഎന്‍.എഫ്.സി ഫൈനാന്‍സിന് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി അൻപതിലേറെ ശാഖകളുണ്ട്. ഇതോക്കെ കണ്ട് ലക്ഷങ്ങള്‍ മുതല് കോടികള്‍ വരെ നിക്ഷേപിച്ചവരാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. കൂത്താട്ടുകുളത്ത് മാത്രം ആറ് കോടിയിലധികം രൂപയാണ് നിക്ഷേപകർക്ക് ലഭിക്കാനുള്ളത്. എന്നാൽ സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും ഇപ്പോള്‍ പൂട്ടിയ നിലയിലാണ്.
നിക്ഷേപകര്‍ നല്‍കുന്ന പരാതിയില്‍ പോലീസ് കേസെടുക്കാന്‍ പോലും തയ്യാറാവുന്നില്ലെന്ന് ഇവര്‍ക്ക് ആക്ഷേപമുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപെട്ട് ഇവര്‍ മുഖ്യമന്ത്രിയെ അടക്കം സമീപിച്ചുകഴിഞ്ഞു. പരിഹാരമായില്ലെങ്കില്‍ ഹൈക്കോടതിയില്‍ ഹർജി ഫയല്‍ ചെയ്യാനാണ് ഇവരുടെ തീരുമാനം. നോണ്‍ ബാങ്കിംഗ് ഫിനാഷ്യാല്‍ സ്ഥാപന ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് എൻ.എഫ്.സി ഫിനാന്‍സിന്റെ ഉടമകള്‍ അറിയിച്ചു. ലൈസന്‍സ് വീണ്ടെടുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പരിഹരിച്ചാല്‍ നിക്ഷേപകര്‍ക്ക് വേഗത്തില്‍ പണം നല്‍കുമെന്നും പോലിസ് അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും ഇവര്‍ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam