സംസ്ഥാനത്ത് കൊവിഡ് ഇതര വിദഗ്ധ ചികിത്സ ഉറപ്പാക്കും; മെഡിക്കല്‍ കോളേജുകളിൽ പ്രത്യേക സൗകര്യങ്ങൾ

By Web TeamFirst Published May 22, 2020, 6:03 AM IST
Highlights

45 മിനിട്ടില്‍ ഫലം കിട്ടുന്ന കൊവിഡ് പരിശോധന നടത്തിയശേഷം ശസ്ത്രക്രിയകള്‍ നടത്തും. നിയന്ത്രണങ്ങളോടെ നിശ്ചിത സമയങ്ങളില്‍ ഒപി പ്രവര്‍ത്തനവും തുടങ്ങി. ടെലി മെഡിസിന്‍ സംവിധാനത്തിന്‍റെ സഹായത്തോടെ തുടര്‍ ചികിത്സകള്‍ തീരുമാനിക്കും.

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് ഇതര വിദഗ്ധ ചികിത്സകള്‍ക്കായി സ‍ർക്കാർ മെ‍‍‍ഡിക്കൽ കോളേജ് ആശുപത്രികളില്‍ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി മർഗനിർദേശമായി. 45 മിനിട്ടില്‍ ഫലം കിട്ടുന്ന കൊവിഡ് പരിശോധന നടത്തിയശേഷം ശസ്ത്രക്രിയകള്‍ നടത്തും. നിയന്ത്രണങ്ങളോടെ നിശ്ചിത സമയങ്ങളില്‍ ഒപി പ്രവര്‍ത്തനവും തുടങ്ങി. ടെലി മെഡിസിന്‍ സംവിധാനത്തിന്‍റെ സഹായത്തോടെ തുടര്‍ ചികിത്സകള്‍ തീരുമാനിക്കും.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളെല്ലാം ഇപ്പോൾ കൊവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുകയാണ്. ഇതോടെ സാധാരണ നിലയിലുള്ള ഒപിയും മുൻ കൂട്ടി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകളുമടക്കം താളംതെറ്റി. പലര്‍ക്കും ചികിത്സ ലഭിക്കുന്നില്ലെന്ന പരാതികളുമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ. കൊവിഡ്, കൊവിഡ് ഇതര ചികിത്സ വിഭാഗങ്ങളിലേക്കായി ജീവനക്കാരെ രണ്ടായി തിരിക്കും. തുടര്‍ ചികിത്സകള്‍ക്കും ആദ്യമായി എത്തുന്നവര്‍ക്കുമായി പ്രത്യേക ഒപി പ്രവര്‍ത്തിക്കും. അടിയന്തര പ്രാധാന്യമില്ലാത്ത ചികിത്സകള്‍ക്കായി താഴേത്തട്ടിലുള്ള ആശുപത്രികളിലേക്ക് ബാക്ക് റഫറൽ സംവിധാനം ഏര്‍പ്പെടുത്തും. അടിയന്തര സ്വഭാവും മുൻഗണനക്രമവും പരിഗണിച്ച് ശസ്ത്രക്രിയകളും തുടങ്ങി.

കൃത്യമായ ഇടവേളകളില്‍ ചികിത്സ തേടാനാകാത്ത സാഹചര്യമുണ്ടായതിനാല്‍ ഗര്‍ഭിണികളില്‍ ചിലര്‍ക്കെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത് പരിഹരിക്കാൻ സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സ ഒരു തരത്തിലും മുടക്കില്ല. കീമോ തെറാപ്പി അടക്കം അര്‍ബുദരോഗ ചികിത്സകളും ഹൃദയശസ്ത്രക്രിയകളും മുറപോലെ നടക്കും. സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗവും അത്യാഹിത വിഭാഗവും കൊവിഡ് ഇതര രോഗങ്ങള്‍ക്കായി പൂര്‍ണമായും പ്രവര്‍ത്തിക്കും. അവയവ മാറ്റ ശസ്ത്രക്രിയകളും മുടക്കില്ല. അതേസമയം കൊവിഡ് രോഗികൾ അനിയന്ത്രിതമായി കൂടിയാൽ നിലവിലെ സൗകര്യങ്ങളിൽ 80 ശതമാനവും കെവിഡ് ചികിത്സകള്‍ക്കായി മാറ്റും.

click me!