നക്ഷത്ര ഹോട്ടലുകളിൽ കള്ള് വിൽക്കാൻ അനുമതി നൽകാമെന്ന് മന്ത്രി; അപേക്ഷിക്കാൻ ആളില്ല

By Web TeamFirst Published Jul 11, 2019, 12:57 PM IST
Highlights

കള്ള് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ എടുത്തതാണ് തീരുമാനമെങ്കിലും അപേക്ഷകരില്ലാത്തതിനാൽ നടപ്പിലായില്ല

തിരുവനന്തപുരം: കേരളത്തിലെ നക്ഷത്ര ഹോട്ടലുകളിലും കള്ള് വിൽക്കാൻ അനുവദിക്കുമെന്നാണ് സർക്കാർ നിലപാടെങ്കിലും ഇതിന് ആവശ്യക്കാരില്ല. കള്ള് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ നേരത്തെയെടുത്തതാണ് തീരുമാനമെങ്കിലും ഇതുവരെ സംസ്ഥാനത്താരും ഈ ആവശ്യം ഉന്നയിച്ച് അപേക്ഷ നൽകിയിട്ടില്ല.

"കള്ള് വ്യവസായ മേഖലയെ സംരക്ഷിക്കണമെന്നത് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. ഇതിന്റെ കൂടി ഭാഗമായാണ് സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ കള്ള് കൂടി വിൽക്കാൻ അനുമതി നൽകുമെന്ന് പറഞ്ഞത്. ബാർ ഹോട്ടൽ ലൈസൻസുള്ള ആർക്കും ഇതിനായി അപേക്ഷിക്കാം. അവർക്കെല്ലാം കള്ള് വിൽക്കാനുള്ള അനുമതി നൽകും എന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പക്ഷെ ഇതുവരെ ആരും ഇതിനായി അപേക്ഷ സമർപ്പിച്ചിട്ടില്ല. ആരെങ്കിലും അപേക്ഷ സമർപ്പിച്ചാൽ അവർക്ക് കള്ള് വിൽക്കാനുള്ള ലൈസൻസ് കൊടുക്കും," എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

ടു സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ കാനിലാക്കിയ കള്ള് വിൽക്കാൻ സർക്കാർ അനുമതി നൽകും. ഹോട്ടലുകളിൽ കള്ള് വിതരണം ചെയ്യാനുള്ള പദ്ധതി നേരത്തെ സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ അവതരിപ്പിച്ചിരുന്നെങ്കിലും അപേക്ഷകർ ഇല്ലാത്തതിനാൽ ഈ പദ്ധതിയും ലക്ഷ്യം കണ്ടില്ല.

click me!