
ചാരുംമൂട്: നൂറനാട് അമ്പിളി കൊലക്കേസിലെ രണ്ട് പ്രതികൾക്കും ജീവപര്യന്തം. കൊല്ലപ്പെട്ട അമ്പിളിയുടെ ഭർത്താവും ഒന്നാം പ്രതിയുമായ മറ്റപ്പള്ളി ഉളവുകാട്ടുമുറി ആദർശ് ഭവനിൽ സുനിൽ കുമാർ (44), കാമുകിയായ രണ്ടാം പ്രതി മറ്റപ്പള്ളി സ്വദേശി ശ്രീലത എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് വിധിച്ചത്.
2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുനിൽ കുമാർ ശ്രീലതയോടൊപ്പം ജീവിക്കുന്നതിനാണ് ഭാര്യയായ അമ്പിളിയെ കൊലപ്പെടുത്തിയത്. ബോധം കെടുത്തി വീടിനുള്ളിൽ പ്ലാസ്റ്റിക് കയർ കൊണ്ട് കഴുത്തിൽ കുരുക്കിട്ട് കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. സുനിൽ കുമാർ കാമുകിയുടെ പ്രേരണയാലാണ് കൃത്യം നടത്തിയത് എന്ന് കോടതി കണ്ടെത്തി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി പി ശ്രീദേവിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയച്ചു.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സന്തോഷ് കുമാർ ഹാജരായി. ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിധി പ്രസ്താവിച്ചു. രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവും 50000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലങ്കിൽ 6 മാസം കൂടി കഠിന തടവിനും വിധിച്ചു. പിഴത്തുക അമ്പിളിയുടെ രണ്ട് മക്കൾക്കുമായി വീതിച്ച് നൽകണം.