
തിരുവനന്തപുരം: ശോഭ സുരേന്ദ്രനെ വെട്ടി ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. വീണ്ടും ഇറങ്ങുന്ന കാര്യം സിറ്റിംഗ് എം പി അടൂര്‍ പ്രകാശ് ഇപ്പോഴും ഉറപ്പിച്ചുപറയുന്നില്ല. നഷ്ടപ്പെട്ട കോട്ട തിരിച്ചുപിടിക്കാന്‍ എംഎല്‍എമാരെ ഇറക്കിയുള്ള പരീക്ഷണം അടക്കം സിപിഎമ്മിന്‍റെ പരിഗണനയിലുണ്ട്.
തിരുവനന്തപുരത്തിനും തൃശ്ശൂരിനുമൊപ്പം എ ക്ലാസ് പരിവേഷമുള്ള ബിജെപി മണ്ഡലമാണ് ആറ്റിങ്ങല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടരലക്ഷത്തോളം വോട്ട് നേടി ബിജെപി മികച്ച പ്രകടനം കാഴ്ചവച്ച മണ്ഡലത്തില്‍ അന്ന് സ്ഥാനാര്‍ത്ഥിയായത് ശോഭ സുരേന്ദ്രന്‍ ആയിരുന്നു. ഈഴവ വോട്ടുകള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ശോഭയെ മാറ്റി വി മുരളീധരന്‍ മത്സരിക്കാനുള്ള കളം ഒരുങ്ങിക്കഴിഞ്ഞു. മോദി സര്‍ക്കാരിന്‍റെ ഒമ്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായുള്ള ഗൃഹസമ്പര്‍ക്ക പരിപാടികളോടെ മണ്ഡലത്തില്‍ ഓടിനടക്കുകയാണ് വി മുരളീധരന്‍.
Also Read: പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി ബിജെപി; നിര്‍മല സീതാരാമനെ ഇറക്കി കേരള തലസ്ഥാനം പിടിക്കാൻ ആലോചന
അതേസമയം, മണ്ഡലത്തില്‍ അട്ടിമറി വിജയം നേടിയ അടൂര്‍ പ്രകാശ് രണ്ടാമൂഴം ആദ്യം ആഗ്രഹിച്ചിരുന്നില്ല. കോന്നിവഴി നിയമസഭയായിരുന്നു ഇഷ്ടം. പക്ഷേ സിറ്റിംഗ് എംപിമാർ വീണ്ടുമിറങ്ങണമെന്ന ലീഡേഴ്സ് മീറ്റ് തീരുമാനം വന്നതോടെ പ്രകാശ് വീണ്ടും ആറ്റിങ്ങലിലിറങ്ങാനാണ് സാധ്യത. പ്രകാശിനെക്കാൾ മറ്റൊരു മികച്ച സ്ഥാനാർത്ഥി കോൺഗ്രസ് ലിസ്റ്റിലില്ല. കൈവിട്ട കുത്തക മണ്ഡലം തിരിച്ചുപിടിക്കൽ സിപിഎമ്മിന് അത്യാവശ്യം. പക്ഷേ ആരെയിറക്കുമെന്നതാണ് പ്രശ്നം. മുമ്പ് പരിഗണനയിലുണ്ടായിരുന്ന എ എ റഹീം രാജ്യസഭാ അംഗമായി. പിന്നെ തുറുപ്പുചീട്ട് വി ജോയി ആണ്. വർക്കല എംഎൽഎക്ക് പുറമെ ഇപ്പോൾ പാർട്ടി ജില്ലാ സെക്രട്ടറി കൂടിയായി. ഇനി ലോക്സഭാ സീറ്റ് കൂടി ജോയിക്ക് നൽകുമോ എന്നതാണ് അറിയേണ്ടത്. അറ്റകൈക്ക് വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്തിനെയും പരിഗണിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam