
തിരുവനന്തപുരം: ലോക കേരള സഭ ബഹിഷ്കരിക്കാനുള്ള യുഡിഎഫ് തീരുമാനത്തിന് എതിരെ സിപിഎം. യുഡിഎഫ് ബഹിഷ്കരിച്ചത് കൊണ്ട് ഒരു കുഴപ്പവും വരില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലോകത്ത് ഇതുപോലെ മാതൃകാപരമായ ഒരു കൂട്ടായ്മ ഇല്ലെന്നും നല്ല നിലയിൽ മുന്നോട്ടു പോകുമെന്നും ബഹിഷ്കരിച്ചവർ ബഹിഷ്‌കൃതരായെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളോടുള്ള കരുതൽ ഇടതു പക്ഷത്തിനു കുറയുന്നില്ലെന്നും പ്രവാസികളെ ശക്തിപ്പെടുത്താൻ ഉള്ള നടപടികൾ സ്വീകരിക്കും എന്നും എംവി ഗോവിന്ദൻ കൂട്ടിചേർത്തു.
അതേ സമയം, പ്രവാസിക്ഷേമം എന്ന വ്യാജേന കോടിക്കണക്കിന് രൂപ ധൂർത്തടിക്കുന്ന ലോകകേരള സഭയിൽ യുഡിഎഫ് നേതാക്കൾ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതായി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കൺവീനർ എംഎം ഹസൻ വ്യക്തമാക്കി. എന്നാൽ പ്രവാസികൾക്ക് അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയെന്ന നിലയിൽ യുഡിഎഫിന്റെ പ്രവാസി സംഘടനാ പ്രതിനിധികൾക്ക് ലോകകേരള സഭയിൽ പങ്കെടുക്കാം.
കഴിഞ്ഞ ലോകകേരള സഭകൾ പ്രവാസികളുടെ ക്ഷേമത്തിനായി യാതൊന്നു ചെയ്തിട്ടില്ലെന്ന് യോഗം വിലയിരുത്തി. സ്പീക്കർ അധ്യക്ഷനായി നിയമസഭയുടെ മാതൃകയിൽ ലോകകേരള സഭ നടത്തുന്നുവെന്ന ആശയത്തിനോട് യുഡിഎഫിന് വിയോജിപ്പുണ്ട്. പ്രതിനിധികൾ ബില്ല് അവതരിപ്പിക്കുന്നതും മുഖ്യമന്ത്രി ബില്ല് അംഗീകരിക്കുന്നതുമൊക്കെ അനുചിതമാണ്. നിയമസഭയുടെ ശങ്കരൻതമ്പി ഹാളിൽ പരിപാടി നടക്കുന്നുവെന്നതല്ലാതെ നിയമസഭയുമായി ഈ പരിപാടിക്ക് യാതൊരു ബന്ധവുമില്ല. കഴിഞ്ഞ ലോകകേരള സഭകളുടെ ആക്ഷൻ ടേക്കൺ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയാറാണോയെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam