സപ്ളൈകോയില്‍ അവശ്യസാധനങ്ങള്‍ ലഭ്യമെന്ന് തെറ്റായ മറുപടി നല്‍കി, ഭക്ഷ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

Published : Aug 21, 2023, 10:18 AM IST
സപ്ളൈകോയില്‍ അവശ്യസാധനങ്ങള്‍ ലഭ്യമെന്ന് തെറ്റായ മറുപടി നല്‍കി, ഭക്ഷ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

Synopsis

സപ്ലൈകോ  ഔട്ട്‌ലെറ്റുകളില്‍ 13 നിത്യോപയോഗ സാധനങ്ങള്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ്  പറഞ്ഞത് തെറ്റാണെന്നും സഭ പിരിഞ്ഞതിനുശേഷം പ്രതിപക്ഷ നേതാവിനോടൊപ്പം ഔട്ട്‌ലെറ്റുകള്‍ സന്ദര്‍ശിക്കുവാന്‍  തയ്യാറാണെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു. 

തിരുവനന്തപുരം:വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെ നിയമസഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിനെതിരെ എം വിന്‍സെന്‍റ്  എം.എല്‍.എ സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.സപ്ലൈകോ  ഔട്ട്‌ലെറ്റുകളില്‍ 13 നിത്യോപയോഗ സാധനങ്ങള്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ്  പറഞ്ഞത് തെറ്റാണെന്നും സഭ പിരിഞ്ഞതിനുശേഷം പ്രതിപക്ഷ നേതാവിനോടൊപ്പം ഔട്ട്‌ലെറ്റുകള്‍ സന്ദര്‍ശിക്കുവാന്‍  തയ്യാറാണെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു. 

എന്നാല്‍, അന്ന് തന്നെ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ നേരിട്ട് സന്ദര്‍ശിച്ച ദൃശ്യമാധ്യമങ്ങള്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 13 നിത്യോപയോഗ സാധനങ്ങളില്‍ പലതും  നിലവില്‍ ലഭ്യമല്ലെന്ന വസ്തുത ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയായി സംപ്രേഷണം ചെയ്തു. പത്രമാധ്യമങ്ങളും ഇക്കാര്യം  വ്യക്തമാക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മന്ത്രി തന്നെ അവശ്യസാധനങ്ങള്‍ മുഴുവന്‍ ലഭ്യമല്ലെന്നും ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍  സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ  ലഭ്യത സംബന്ധിച്ച് മന്ത്രി സഭയില്‍ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന കാര്യം ബോധ്യപ്പെടുന്നതാണെന്ന് എം വിന്‍സെന്‍റ്  സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. 

ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വിലക്കയറ്റമെന്ന പ്രധാനപ്പെട്ട  ഒരു വിഷയത്തെക്കുറിച്ച് വസ്തുതാ വിരുദ്ധമായ കാര്യം സഭാതലത്തില്‍ പറഞ്ഞ് സഭയെയും സാമാജികരെയും മനഃപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നതിനു ശ്രമിച്ചതിലൂടെ  ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി  നിയമസഭ അംഗമെന്ന നിലയില്‍  നിയമസഭയുടെയും സഭാഗങ്ങളുടെയും പ്രത്യേക അവകാശങ്ങള്‍ ലംഘിച്ചു. കേരള നിയമസഭയുടെ  നടപടിക്രമവും കീഴ് വഴക്കങ്ങളും സംബന്ധിച്ച ചട്ടം 154 പ്രകാരം മന്ത്രി ജി.ആര്‍ അനിലിനെതിരെ അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്ന് എം. വിന്‍സെന്‍റ്  സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു.

 

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ