
തിരുവനന്തപുരം: ഐഎസ്ആർഒ (വിഎസ്എസ്സി) പരീക്ഷ തട്ടിപ്പിന് പിന്നിൽ വൻ സംഘമെന്ന് പൊലീസ് കണ്ടെത്തൽ. മുഖ്യപ്രതി ഹരിയാന സ്വദേശിയായ കോച്ചിംഗ് സെന്റർ നടത്തിപ്പുകാരനാണെന്ന് പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ഹരിയാന സ്വദേശികൾ സ്ഥിരം ക്രമക്കേട് നടത്തുന്നവരാണ്. മറ്റൊരാൾക്ക് വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതുന്നതിന് വൻ തുകയാണ് തട്ടിപ്പ് സംഘം വാങ്ങുന്നത്. വിമാനത്തിലെത്തി പരീക്ഷയെഴുതി വിമാനത്തിൽ മടങ്ങാനായിരുന്നു പദ്ധതി. അന്വേഷണം ഹരിയാനയിലേക്കും വ്യാപിപിക്കും.
ഇന്നലെ തിരുവനന്തപുരത്ത് നടന്ന ഐഎസ്ആർഒയിലെ വിഎസ്എസ്സി ടെക്നീഷ്യൻ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ഹൈടെക് കോപ്പിയടിയും ആൾമാറാട്ടവും നടന്നത്. ഹരിയാന സ്വദേശികളാണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്. ബ്ലൂട്ടൂത്ത് വഴി കേട്ട് പരീക്ഷയെഴുതിയതിനായിരുന്നു ആദ്യം പ്രതികളെ പിടികൂടിയത്. പിന്നീടാണ് തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. ആൾമാറാട്ടം നടത്തി, ഉദ്യോഗാർത്ഥിക്ക് വേണ്ടി മറ്റാളുകളാണ് പരീക്ഷയെഴുതാനെത്തിയതെന്നായിരുന്നു കണ്ടെത്തൽ. പിടിയിലായവരുടെ യഥാർത്ഥ വിലാസം കണ്ടത്താൻ ഹരിയാന പൊലീസുമായി ചേർന്ന് കേരളാ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് ഇയർ സെറ്റും മൊബൈൽഫോൺ ടീം വ്യൂവറും വച്ചായിരുന്നു ഹരിയാന സ്വദേശികൾ കേരളത്തിലെത്തി കോപ്പിയടി നടത്തിയത്.
നിർണായകമായത് കേരളാ പൊലീസിന് ലഭിച്ച ആ ഫോൺ സന്ദേശം
തിരുവനന്തപുരത്തെ പൊലീസിന് ഹരിയാനയിൽ നിന്നും പരീക്ഷ നടന്ന ഞായറാഴ്ച രാവിലെ ഒരു അജ്ഞാത ഫോൺ സന്ദേശം എത്തി. വിഎസ്എസ്സിയുടെ ടെക്നീക്ഷൻ - B ക്യാറ്റഗറി തസ്തിയിലേക്കുള്ള പരീക്ഷയിൽ ഹരിയാന സ്വദേശികൾ കോപ്പിയടിക്കാൻ പദ്ധതി ഇട്ടിട്ടുണ്ടെന്നായിരുന്നു ആ സന്ദേശം. പൊലീസ് ഈ വിവരം പരീക്ഷ സെന്ററുകളെ അറിയിച്ചു. പരീക്ഷ തുടങ്ങി ഉച്ചയോടെ കോട്ടൺ ഹിൽ, സെന്റ് മേരീസ് എന്നീ പരീക്ഷ സെന്ററുകളിൽ നിന്നും തിരിച്ച് പൊലീസിന് വിളിയെത്തി. രണ്ട് പേർ ഹൈടെക് രീതിയിൽ കോപ്പിയടിച്ചുവെന്നായിരുന്നു ഫോൺ കോൾ. മെഡിക്കൽ കോളേജ്, മ്യൂസിയം സ്റ്റേഷനുകളിൽ നിന്നും പൊലീസ് എത്തി ഹരിയാന സ്വദേശികളായ സുമിത് കുമാർ, സുനിൽ കുമാർ എന്നിവരെ കസ്റ്റഡിയിലെടുത്തു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് ആൾമാറാട്ടത്തിന്റെ വിവരവും പുറത്ത് വന്നത്.
തട്ടിപ്പ് നടത്തിയതിങ്ങനെ...
പ്രതികൾ പരീക്ഷാ ഹാളിലേക്ക് പോകും മുൻപ് വയറ്റിൽ ഒരു ബെൽറ്റ് കെട്ടി അതിൽ മൊബൈൽ ഫോൺ ഘടിപ്പിച്ചു വച്ചു. ഈ മൊബൈലിന്റെ ക്യാമറ ഭാഗം ഷർട്ടിന്റെ ബട്ടൺ ഹോളിനോട് ചേർത്ത് ഒട്ടിച്ച് വച്ചു. ക്യാമറ ഓൺ ചെയ്ത് പരീക്ഷാ ഹാളിൽ കയറി. ഷർട്ടിൽ ക്യാമറ ഘടിപ്പിച്ച ഭാഗത്തേക്ക് ചോദ്യ പേപ്പർ നിവർത്തി പിടിച്ച് ടീം വ്യൂവർ വഴി ഈ ചോദ്യപ്പേപ്പറിന്റെ ദൃശ്യം അജ്ഞാത കേന്ദ്രത്തിലിരിക്കുന്ന കൂട്ടാളിക്ക് കാണിച്ച് കൊടുത്തു. ചെവിക്കകത്ത് വെച്ച കുഞ്ഞൻ ബ്ലൂട്ടൂത്ത് ഇയർഫോൺ വഴി അയാൾ പറഞ്ഞ് കൊടുക്കുന്ന ഉത്തരങ്ങൾ മുഖത്ത് ഭാവ വത്യാസമില്ലാതെ പ്രതികൾ പേപ്പറിൽ പകർത്തി. അങ്ങനെ 80 മാർക് ചോദ്യത്തിന് 70 ലധികം മാർക്കിന്റെ ശരിയുത്തരം സുനിൽ എഴുതിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam