'ഹാജരാകണം', കിഫ്ബി സിഇഒയ്ക്കും ഡെപ്യൂട്ടി എംഡിക്കും ഇഡിയുടെ നോട്ടീസ്

By Web TeamFirst Published Mar 3, 2021, 4:44 PM IST
Highlights

കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോഴാണ് ഇഡിയുടെ സുപ്രധാനനടപടി. കിഫ്ബി വഴിയുള്ള വികസനം ഇടതുപക്ഷ സർക്കാരിന്‍റെ പ്രധാനപ്രചാരണമുദ്രാവാക്യമാണ്. 

തിരുവനന്തപുരം: മറ്റന്നാൾ ഹാജരാകണമെന്നാവശ്യപ്പെട്ട് കിഫ്ബി സിഇഒ കെ എം അബ്രഹാമിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്. നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വിക്രം ജിത് സിങ്ങിനും നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തേ, വിദേശനാണയപരിപാലനച്ചട്ടത്തിന്‍റെ ലംഘനം ആരോപിച്ച് ഇഡി കിഫ്ബിക്കെതിരെ കേസെടുത്തിരുന്നു. കിഎഫ്ബി സിഇഒ, ഡെപ്യൂട്ടി എംഡി, ആക്സിസ് ബാങ്ക് ഹോൾസെയിൽ മേധാവി എന്നിവർക്ക് നേരത്തേ ഇഡി നോട്ടീസയച്ചിരുന്നു. കൊച്ചിയിലെ ഇഡി ഓഫിസിൽ ഹാ‍ജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.  

കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോഴാണ് ഇഡിയുടെ സുപ്രധാനനടപടി. കിഫ്ബി വഴിയുള്ള വികസനം ഇടതുപക്ഷ സർക്കാരിന്‍റെ പ്രധാനപ്രചാരണമുദ്രാവാക്യമാണ്. ഇതിനിടെയാണ് കിഫ്ബി നടത്തിപ്പ് തന്നെ ചോദ്യം ചെയ്യുന്ന അന്വേഷണങ്ങളിലേക്ക് ഇഡി കടക്കുന്നത്. 

കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിനാൽ വിദേശ നാണയ പരിപാലന നിയമത്തിന്‍റെ ലംഘനം ഉണ്ടായെന്ന് നോട്ടീസിൽ പറയുന്നുണ്ട്. കിഫ്ബിയുടെ പാർട്ണർ  ബാങ്കാണ് ആക്സിസ് ബാങ്ക്. ബാങ്കിനെ അംഗീകൃത ഡീലറാക്കിയാണ് കിഫ്ബി മസാല ബോണ്ടിറക്കിയത്. ഇതും വ്യവസ്ഥാപിതമല്ലെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് ബാങ്കിനെയും ഇഡി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയത്.

കേസുമായി ബന്ധപ്പെട്ട് ധനകാര്യ മന്തി തോമസ് ഐസക്കിനെയും താമസിയാതെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. തെരഞ്ഞടുപ്പിന് ഒരു മാസം ബാക്കി നിൽക്കെ വലിയ രാഷ്ട്രീയ വിവാദത്തിനും ഈ ഇഡി അന്വേഷണം തിരികൊളുത്തുമെന്നുറപ്പാണ്. 

click me!