പി ജയരാജനെതിരായ വധഭീഷണി; കോടതിയില്‍ മാപ്പ് പറഞ്ഞ് ബിജെപി പ്രവര്‍ത്തകന്‍, കേസ് അവസാനിച്ചു

By Web TeamFirst Published Jan 10, 2020, 6:40 PM IST
Highlights

തെറ്റു പറ്റിയതാണെന്നും തന്നോട് ക്ഷമിക്കണമെന്നും  പി ജയരാജന്റെ കൈപിടിച്ച് പ്രതി  പറഞ്ഞു.തെറ്റ് മനസിലാക്കി ആത്മാര്‍ഥമായി മാപ്പ് ചോദിച്ച സാഹചര്യത്തില്‍ കോടതി നടപടികള്‍ അവസാനിപ്പിക്കാന്‍ സമ്മതമാണെന്ന് പി ജയരാജന്‍ കോടതിയെ അറിയിച്ചു.
 

മലപ്പുറം: സിപിഎം നേതാവ് പി ജയരാജനെതിരെ വധഭീഷണി മുഴക്കി ഫേസ്ബുക്കിൽ പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകന്‍ മാപ്പ് പറഞ്ഞതോടെ കേസ് ഒത്തുതീർന്നു. എടവണ്ണ സ്വദേശി പറങ്ങോടന്‍ എന്ന അപ്പു ആണ്  മഞ്ചേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റിന് മുമ്പില്‍ വച്ച് മാപ്പ് പറഞ്ഞത്. പരാതിക്കാരനായ പി ജയരാജനും കോടതിയിൽ ഹാജരായിരുന്നു.

ഇന്ന്  രാവിലെ  മജിസ്‌ട്രേറ്റ് കേസ് പരിഗണിച്ചപ്പോഴാണ് താന്‍  നിരുപാധികം മാപ്പുപറയുന്നുവെന്ന് അപ്പു അറിയിച്ചത്.  തെറ്റു പറ്റിയതാണെന്നും തന്നോട് ക്ഷമിക്കണമെന്നും  പി ജയരാജന്റെ കൈപിടിച്ച് പ്രതി  പറഞ്ഞു. ഇനിമേലില്‍ ആവര്‍ത്തിക്കില്ലെന്നും അപ്പു പറഞ്ഞു. തുടര്‍ന്ന്, പ്രതി തെറ്റ് മനസിലാക്കി ആത്മാര്‍ഥമായി മാപ്പ് ചോദിച്ച സാഹചര്യത്തില്‍ കോടതി നടപടികള്‍ അവസാനിപ്പിക്കാന്‍ സമ്മതമാണെന്ന് പി ജയരാജന്‍ കോടതിയെ അറിയിച്ചു.

2016 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്ത് ആര്‍എസ്എസ് അക്രമങ്ങള്‍ക്കെതിരെ സിപിഎം സംഘടിപ്പിച്ച  പ്രദര്‍ശനം നോക്കികാണുന്ന പടം പി ജയരാജന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിന്നു. ഇതിനു താഴെയാണ് പ്രതി വധഭീഷണി മുഴക്കി കമന്റിട്ടത്. നിന്റെ പടവും ഒരുനാള്‍ അഴീക്കോടന്‍ ഓഫീസില്‍ തൂങ്ങും എന്നായിരിന്നു കമന്‍റ്. ഇതിനെതിരെ പി ജയരാജന്‍ ഡിജിപി മുമ്പാകെ പരാതി നല്‍കുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. 


 

click me!