CPIM : സിപിഎമ്മില്‍ പുതുചരിത്രം; സംസ്ഥാനത്തെ ഏക വനിത ഏരിയ സെക്രട്ടറിയായി കുഞ്ഞുമോള്‍

By Web TeamFirst Published Nov 28, 2021, 10:52 PM IST
Highlights

എന്‍.പി കുഞ്ഞുമോള്‍ നിലവില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. 2001ല്‍ പാര്‍ട്ടി അംഗമായ ഇവര്‍ അമ്പലവയല്‍ ലോക്കല്‍കമ്മിറ്റി അംഗം, ബത്തേരി ഏരിയ കമ്മറ്റി അംഗം, ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

കല്‍പ്പറ്റ: സി.പി.എമ്മിനുള്ളില്‍(cpim) പുതുചരിത്രം തീര്‍ത്ത് സംസ്ഥാനത്തെ ആദ്യ ഏരിയ സെക്രട്ടറിയായി(area committee secretary) എന്‍ പി കുഞ്ഞുമോളെ (54) തെരഞ്ഞെടുത്തു. വയനാട് മീനങ്ങാടി ഏരിയ സെക്രട്ടറിയായാണ് ആദ്യമായി വനിത എത്തുന്നത്. കേരളത്തിലെ ആദ്യത്തെ വനിതാ ഏരിയ സെക്രട്ടറിയാണിതെന്ന് സി.പി.എം വയനാട് ജില്ല സെക്രട്ടറി പി. ഗഗാറിന്‍ പറഞ്ഞു. ബത്തേരി ഏരിയാ സമ്മേളനത്തില്‍ ഏരിയാകമ്മിറ്റി വിഭജിച്ച് പുതുതായി രൂപീകരിച്ചതാണ് മീനങ്ങാടി ഏരിയാ കമ്മിറ്റി. 

എന്‍.പി കുഞ്ഞുമോള്‍ നിലവില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. 2001ല്‍ പാര്‍ട്ടി അംഗമായ ഇവര്‍ അമ്പലവയല്‍ ലോക്കല്‍കമ്മിറ്റി അംഗം, ബത്തേരി ഏരിയ കമ്മറ്റി അംഗം, ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. അമ്പലവയല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആദ്യ വനിതാ പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമാണ്. അമ്പലവയല്‍ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ മറ്റത്തില്‍ പൈലിക്കുഞ്ഞ് ആണ് ഭര്‍ത്താവ്. മകന്‍ സജോണ്‍ കല്‍പ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ്. താലൂക്ക് ആശുപത്രി ജീവനക്കാരിയായ സൈവജയാണ് മകള്‍. 

ഭര്‍ത്താവ് പൈലിക്കുഞ്ഞിനെ കാര്‍ഷികവൃത്തിയില്‍ സഹായിച്ചതിന് ശേഷം കിട്ടുന്ന സമയം മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുകയാണ് പതിവെന്ന് കുഞ്ഞുമോള്‍ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കുറഞ്ഞ ഏരിയ കമ്മിറ്റികള്‍ മാത്രമുള്ള വയനാട്ടില്‍ നിന്ന് സെക്രട്ടറിസ്ഥാനത്ത് എത്തുകയെന്നത് പ്രാധാന്യത്തോടെയാണ് ഇവര്‍ കാണുന്നത്. 21-ാം വയസില്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന കുഞ്ഞുമോള്‍ ആ പാര്‍ട്ടിയുടെ ചരിത്രത്തിലേക്കും നടന്നുകയറിയെന്നത് അവരുടെ മികവിന്റെ കൂടി അടയാളമാണ്.
 

tags
click me!