പ്രവാസി മടക്കം മറ്റന്നാൾ മുതൽ: നാല് വിമാനങ്ങളിലായി ആദ്യ ദിനം കേരളത്തിൽ എത്തുക 800 പേർ

By Web TeamFirst Published May 5, 2020, 8:58 AM IST
Highlights

ആദ്യ ആഴ്ച കേരളത്തിലേക്ക് 15 വിമാനങ്ങളാണ് സർവീസ് നടത്തും. ഓരോ വിമാനത്തിലും 200 യാത്രക്കാർ വീതമാവും ഉണ്ടാവുക.

ദില്ലി/ തിരുവനന്തപുരം: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ. മറ്റന്നാൾ മുതൽ ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കും. ആദ്യ ദിനം നാല് വിമാനങ്ങൾ കേരളത്തിലെത്തും. 800 പേരെ തിരിച്ചെത്തിക്കുമെന്നാണ് വിവരം. അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ കൊച്ചി വിമാനത്താവളത്തിലേക്കും ദുബൈയിൽ നിന്നുള്ള വിമാനം കോഴിക്കോടേക്കും എത്തും.

ഒരാഴ്ചക്കുള്ളിൽ വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ 84 വിമാനങ്ങളാണ് കേന്ദ്ര സർക്കാർ ചാർട്ട് ചെയ്തിരിക്കുന്നത്. 14850 പേർക്ക് ഈ സൗകര്യം ഉപയോഗിച്ച് നാട്ടിലെത്താനാവുമെന്ന് കരുതുന്നു. തമിഴ്‌നാട്ടിലേക്കും ദില്ലിയിലേക്കും 11 വിമാനങ്ങൾ വീതം സർവീസ് നടത്തും. കേരളത്തിലേക്ക് 15 വിമാനങ്ങളാണ് സർവീസ് നടത്തുക.

ഒൻപത് ഇടങ്ങളിൽ നിന്നായി 2650 പേരാണ് ആദ്യത്തെ ആഴ്ച സംസ്ഥാനത്തേക്ക് എത്തുക. അബുദാബി, ദുബൈ, റിയാദ്, ദോഹ, മനാമ, കുവൈറ്റ്,‌ മസ്കറ്റ്, ജിദ്ദ, ക്വലാലംപൂർ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്കുള്ള സർവീസുകൾ. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണ് സർവീസുകൾ നിശ്ചയിച്ചിരിക്കുന്നത്.

അമേരിക്ക, ബ്രിട്ടൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നടക്കം 12 വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യാക്കാരെ ആദ്യത്തെ ആഴ്ച നാട്ടിലെത്തിക്കും. അമേരിക്കയിലേക്ക് ആറ് വിമാനങ്ങളും ബ്രിട്ടനിലേക്ക് ഏഴ് വിമാനങ്ങളും അയക്കും. വിവിധ സംസ്ഥാനങ്ങളിലെ 13 വിമാനത്താവളങ്ങളിലേക്കാണ് ഈ വിമാനങ്ങൾ സർവീസ് നടത്തുന്നത്.

പ്രവാസി ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ നാവികസേനയുടെ നാല് കപ്പലുകളും പുറപ്പെട്ടു. ദുബൈയിലേക്കും മാലിദ്വീപിലേക്കുമായി രണ്ട് കപ്പലുകൾ വീതമാണ് പുറപ്പെട്ടത്. കപ്പലുകൾ ദുബൈയിൽ വ്യാഴാഴ്ച വൈകീട്ടെത്തും. എട്ടാം തീയതി മടങ്ങിയേക്കുമെന്ന് ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന. മടക്കയാത്രയ്ക്ക് മൂന്നര ദിവസം വേണം. ഇവർ കൊച്ചിയിലേക്കാണ് എത്തുക. കൂടുതൽ കപ്പലുകൾ തയ്യാറാണെന്നും ആവശ്യത്തിന് അനുസരിച്ച് നിയോഗിക്കുമെന്നും സേനവൃത്തങ്ങൾ അറിയിച്ചു. 

Also Read: പ്രവാസികളെ തിരികെയെത്തിക്കാന്‍ നാവികസേന കപ്പലുകള്‍ പുറപ്പെട്ടു; ദുബൈയിലേക്കും കപ്പല്‍

click me!