Asianet News MalayalamAsianet News Malayalam

പ്രവാസികളെ തിരികെയെത്തിക്കാന്‍ നാവികസേന കപ്പലുകള്‍ പുറപ്പെട്ടു; ദുബൈയിലേക്കും കപ്പല്‍

മാലിദ്വീപിലേക്കു രണ്ടു കപ്പലുകളും ദുബൈയിലേക്ക് ഒരു കപ്പലുമാണ് യാത്ര തിരിച്ചിരിക്കുന്നത്. തീര കടലിൽ ഉണ്ടായിരുന്ന കപ്പലുകളെ പ്രവാസികളെ തിരികെയെത്തിക്കാന്‍ നിയോഗിച്ചതായി നാവികസേന അറിയിച്ചു

navy ships went out to dubai and maldives to get back expatriates
Author
Kochi, First Published May 5, 2020, 1:18 AM IST

കൊച്ചി: വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ തിരികെയെത്തിക്കാന്‍ ദുബൈയിലേക്കും മാലിദ്വീപിലേക്കും നാവിക സേന കപ്പലുകൾ പുറപ്പെട്ടു. മാലിദ്വീപിലേക്കു രണ്ടു കപ്പലുകളും ദുബൈയിലേക്ക് ഒരു കപ്പലുമാണ് യാത്ര തിരിച്ചിരിക്കുന്നത്. തീര കടലിൽ ഉണ്ടായിരുന്ന കപ്പലുകളെ പ്രവാസികളെ തിരികെയെത്തിക്കാന്‍ നിയോഗിച്ചതായി നാവികസേന അറിയിച്ചു. ഐഎന്‍എസ് ജലാശ്വയും ഐഎന്‍എസ് മഗറുമാണ് മാലിദ്വീപിലേക്ക് പോയിരിക്കുന്നത്.

ഐഎന്‍എസ് ഷര്‍ദുലാണ് ദുബൈയില്‍ എത്തുക. പ്രവാസികളുമായി കപ്പലുകള്‍ കൊച്ചിയിലേക്കാണ് എത്തുക. ഐഎന്‍എസ് മഗറും ഐഎന്‍എസ് ഷര്‍ദുലും ദക്ഷിണ നാവിക സേനയുടെ കപ്പലുകളാണ്. ഐഎന്‍എസ് ജലാശ്വ ഈസ്റ്റേണ്‍ നേവല്‍ കമാന്‍റിന്‍റെ കപ്പലാണ്. കേന്ദ്ര നിര്‍ദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കപ്പലുകള്‍ യാത്ര തിരിച്ചിരിക്കുന്നത്.

കപ്പലുകൾ രണ്ടു ദിവസത്തിനകം ദുബൈയിലും മാലിദ്വീപിലും എത്തുമെന്ന് നാവിക സേന അറിയിച്ചു. സാധാരണഗതിയില്‍ ഒരു കപ്പലിൽ 500-600 പേർക്ക് യാത്ര ചെയ്യാന്‍ സാധിക്കുക. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തിൽ എത്ര പേരെ ഉള്‍ക്കൊള്ളിക്കാമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

അതേസമയം, യുഎഇയില്‍ നിന്ന് ഇന്ത്യക്കാരുടെ മടക്കയാത്രയില്‍ ആദ്യ രണ്ട് വിമാനം പറക്കുക കേരളത്തിലേക്കാണ്. രണ്ടു ലക്ഷത്തോളം പേർക്ക് ക്വാറന്‍റൈന്‍ സൗകര്യം ഏർപ്പെടുത്തിയ സാഹചര്യത്തില്‍ ആദ്യ ദിനം കേരളത്തിലേക്ക് പ്രവാസികളെയെത്തിക്കുന്നതിന് കേന്ദ്ര സർക്കാർ നേരത്തേതന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നതായി യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പറഞ്ഞു.

അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കാണ് ഗൾഫിൽ നിന്നുള്ള ആദ്യ വിമാനം പറന്നിറങ്ങുക. വ്യാഴാഴ്ച തന്നെ രണ്ടാമത്തെ വിമാനം ദുബായിൽ നിന്ന് കരിപ്പൂരിലേക്കായിരിക്കുമെന്നാണ് സൂചനകള്‍. രണ്ട് വിമാനങ്ങളാണ് പ്രധാനമായും ഗള്‍ഫ് മേഖലയിലേക്ക് എത്തുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ ഗള്‍ഫ് നാടുകളിലേക്ക് എത്തും.

1,92,500 പേരുടെ പട്ടികയാണ് ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാക്കിയിരിക്കുന്നത്. 13,000 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുകയെന്ന സൂചനകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ഗൾഫിൽ നിന്നുള്ള തിരികെ എത്തിക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അയൽ രാജ്യങ്ങളിൽ നിന്നുള്ളവരെയും മടക്കിക്കൊണ്ടു വരും.

Follow Us:
Download App:
  • android
  • ios