
കോട്ടയം: എസ് എൻ ഡി പി യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് പിന്മാറാനുള്ള കാരണങ്ങൾ തുറന്നുപറഞ്ഞ് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വെള്ളാപ്പള്ളിയുടെ ഐക്യ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായതോടെയാണ് എൻ എസ് എസ് പിന്മാറിയതെന്ന് സുകുമാരൻ നായർ തുറന്നടിച്ചു. ബി ജെ പി മുന്നണിയായ എൻ ഡി എയുടെ പ്രമുഖ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ ഐക്യചർച്ചകൾക്കായി ദൂതനായി അയച്ചതിൽ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്ന് സുകുമാരൻ നായർ ചൂണ്ടിക്കാട്ടി. ആദ്യം അങ്ങനെ തോന്നിയില്ലെങ്കിലും പിന്നീട് തുഷാറിനെ ദൂതനാക്കിയത് ശരിയല്ലെന്ന് ബോധ്യമായതുകൊണ്ടാണ് എൻ എസ് എസ് പിന്മാറിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ കെ ജി കമലേഷിനോട് സുകുമാരൻ നായർ തുറന്നുപറഞ്ഞു.
ഐക്യ നീക്കവുമായി ബി ജെ പി മുന്നണിയിലെ പ്രമുഖ നേതാവായ തുഷാർ വരുന്നത് രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐക്യം വേണ്ടെന്ന പ്രമേയം താൻ തന്നെയാണ് ഡയറക്ടർ ബോർഡിൽ അവതരിപ്പിച്ചതെന്നും സുകുമാരൻ നായർ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായ വ്യക്തി ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് എൻ എസ് എസിന്റെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിലാണ് ഐക്യനീക്കം ഉപേക്ഷിക്കാൻ സംഘടന തീരുമാനിച്ചതെന്നും അദ്ദേഹം വിവരിച്ചു. കാര്യങ്ങൾ കണ്ടാൽ മനസ്സിലാകുമല്ലോ എന്നും സുകുമാരൻ നായർ ചോദിച്ചു. അച്ഛൻ എന്തിനാണ് മകനെ ചർച്ചക്ക് അയക്കുന്നത്. ഈ മകൻ ആരാ, ബി ജെ പി മുന്നണിയായ എൻ ഡി എയുടെ നേതാവല്ലേ. അപ്പോൾ രാഷ്ട്രീയം വ്യക്തമല്ലേ എന്നും സുകുമാരൻ നായർ ചോദിച്ചു. തുഷാറിനെ ദൂതനാക്കിയ എസ് എൻ ഡി പി നീക്കത്തിൽ എൻ എസ് എസിന് സംശയമുണ്ട്. സമദൂരമെന്ന ആശയത്തിന് വെല്ലുവിളിയാണ് ഈ രാഷ്ട്രീയ ലക്ഷ്യമെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam