
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് എൻഎസ്എസ് യൂണിറ്റുകൾക്ക് തുക നൽകാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം വൈകിയത് സംസ്ഥാനത്തെ സപ്തദിന ക്യാംപുകൾക്ക് തിരിച്ചടിയായി.സംസ്ഥാനത്ത് എൻഎസ്എസ് ക്യാംപുകൾ ആരംഭിച്ചിട്ടും നടത്തിപ്പിനുള്ള കേന്ദ്ര സർക്കാരിന്റെ ഗ്രാന്റ് വന്നില്ല. ക്യാംപ് അവസാനിച്ചാലും യൂണിറ്റുകൾക്ക് പണം ലഭിക്കാൻ കാത്തിരിക്കേണ്ടി വന്നേക്കും. എല്ലാ യൂണിറ്റുകളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സീറോ ബാലൻസ് സേവിങ്സ് അക്കൗണ്ട് എടുക്കണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നടപ്പായാൽ സർവകലാശാലകളെയും ഹയർ സെക്കണ്ടറി ഡയറക്ടറേറ്റിനെയും ഒഴിവാക്കി കേന്ദ്ര സർക്കാരിന്റെ ഗ്രാന്റ് നേരിട്ട് യൂണിറ്റുകളുടെ ബാങ്ക് അക്കൗണ്ടിൽ എത്തും.
ഈ നിർദ്ദേശം ഒരു മാസം മുൻപാണ് യൂണിറ്റുകൾക്ക് കിട്ടിയത്. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ എൻഎസ്എസ് യൂണിറ്റുകളിൽ സപ്തദിന ക്യാംപ് തുടങ്ങിയത്. എസ്ബിഐ ബ്രാഞ്ചുകളിൽ നിന്ന് സീറോ ബാലൻസ് സേവിങ്സ് അക്കൗണ്ട് രൂപീകരിക്കാൻ സമയമെടുക്കുന്നതായി കോന്നി എൻഎസ്എസ് കോളേജിലെ പ്രോഗ്രാം ഓഫീസർ ദിവ്യയും കാസർകോട് ജില്ലയിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രോഗ്രാം ഓഫീസറായ അധ്യാപികയും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. പണം കിട്ടാൻ വൈകിയതോടെ സ്പോൺസർമാരെ കണ്ടെത്തിയും വിദ്യാർത്ഥികളിൽ നിന്ന് പിരിവെടുത്തും പിടിഎ ഫണ്ടിൽ നിന്ന് തുകമാറ്റിയുമാണ് ക്യാംപ് നടത്തുന്നതെന്ന് വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രോഗ്രാം ഓഫീസർമാർ പറയുന്നു.
സംസ്ഥാനത്ത് കോളേജുകളിലും സ്കൂളുകളിലുമായി രണ്ടായിരത്തോളം എൻഎസ്എസ് യൂണിറ്റുകളുണ്ട്. ഇതിൽ കേന്ദ്ര ധനസഹായത്തോടെ പ്രവർത്തിക്കുന്നവയും അല്ലാത്തവയും ഉണ്ട്. ധനസഹായം കിട്ടുന്ന യൂണിറ്റുകൾ ഹയർ സെക്കണ്ടറിയിൽ മാത്രം 600 ൽ പരവും വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 300 ലധികവുമാണ്. കേന്ദ്രത്തിൽ നിന്ന് ഗ്രാന്റ് കിട്ടുന്ന മറ്റുള്ള യൂണിറ്റുകൾ വിവിധ സർവകലാശാലകളിലെ അംഗീകൃത കോളേജുകളിലാണ്.
ഇതുവരെ യൂണിറ്റുകൾക്ക് 44500 രൂപയാണ് ഒരു വർഷത്തേക്ക് അനുവദിച്ചിരുന്നത്. ഇതിൽ 22500 രൂപ സപ്തദിന ക്യാംപ് നടത്തിപ്പിനും 22000 രൂപ ഒരു വർഷത്തെ മറ്റ് പ്രവർത്തനങ്ങൾക്കുമായിരുന്നു. 2017 ന് ശേഷം ഈ തുക ഇതുവരെ മുഴുവനായി ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ഹയർ സെക്കണ്ടറി ഡയറക്ടറേറ്റിലെ എൻഎസ്എസ് കോർഡിനേറ്റർ ജേക്കബ് ജോൺ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു. 75 ശതമാനമൊക്കെയാണ് പരമാവധി വന്നത്. കൊവിഡിന്റെ പ്രതിസന്ധി കഴിഞ്ഞ് ഇത്തവണയാണ് ക്യാംപ് നടത്തിയത്. ഈ സമയത്ത് യൂണിറ്റുകൾക്ക് 75000 രൂപയായി ഗ്രാന്റ് വർധിപ്പിച്ചതായി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.
പ്രിൻസിപ്പലിന്റെയും പ്രോഗ്രാം ഓഫീസറുടെയും പേരിൽ രൂപീകരിച്ച ജോയിന്റ് അക്കൗണ്ടുകളിലേക്കാണ് സാധാരണ പണം എത്തിയിരുന്നത്. കേന്ദ്രത്തിൽ നിന്നുള്ള ഗ്രാന്റ് സർവകലാശാലകളിലെത്തി, ഇവിടെ നിന്നാണ് കോളേജുകൾക്ക് കിട്ടിയിരുന്നത്. ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് വഴിയാണ് സ്കൂളുകളിലേക്ക് പണം എത്തിയത്. ഈ രീതിയിൽ യൂണിറ്റുകൾക്ക് പണമെത്തുന്നതിൽ കാലതാമസം നേരിടുന്നതും തുക കൃത്യമായി വിനിയോഗിക്കപ്പെടുന്നത് ഉറപ്പാക്കാനുമാണ് കേന്ദ്ര സർക്കാർ പുതിയ പരിഷ്കാരം കൊണ്ടുവന്നത്.
ഇത് പ്രകാരം കോളേജെന്നോ സ്കൂളെന്നോ വ്യത്യാസമില്ലാതെ എല്ലാ യൂണിറ്റുകളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സീറോ ബാലൻസ് സേവിങ്സ് അക്കൗണ്ട് എടുക്കണം. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രിൻസിപ്പലിന്റെയും എൻഎസ്എസ് പ്രോഗ്രാം ഓഫീസറുടെയും പേരിൽ ജോയിന്റ് അക്കൗണ്ടായിരിക്കണം ഇത്. നേരത്തെ പല സ്കൂളുകൾക്കും പല ബാങ്കുകളിലാണ് അക്കൗണ്ട് ഉണ്ടായിരുന്നത്. ഇതിൽ പലതും മിനിമം ബാലൻസ് അക്കൗണ്ടുകളുമായിരുന്നു. സംസ്ഥാനത്തെ എല്ലാ യൂണിറ്റുകളും ബാങ്ക് അക്കൗണ്ട് വിവരം നൽകിയാൽ മാത്രമേ കേന്ദ്രത്തിൽ നിന്നുള്ള വിഹിതം അക്കൗണ്ടുകളിലെത്തൂ. എന്നാൽ എല്ലാ സ്കൂളുകൾക്കും സപ്തദിന എൻഎസ്എസ് ക്യാംപ് ആരംഭിക്കുന്നതിന് മുൻപ് ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല.