
കോട്ടയം: എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിൽ തുടർ ചർച്ചകൾക്കായി തുഷാർ വെള്ളാപ്പള്ളി ഈ ആഴ്ച തന്നെ എൻഎസ്എസ് ആസ്ഥാനത്തെത്തും. സന്ദർശനം സംബന്ധിച്ച് തുഷാർ വെള്ളാപ്പള്ളിയും ജി സുകുമാരൻ നായരും തമ്മിൽ ഫോണിൽ സംസാരിച്ചു. അതേസമയം ഈ ഐക്യം സാമൂഹികമായി ഒരു ചലനവും ഉണ്ടാക്കാൻ കഴിയാത്തത് ആണെന്ന് വിമർശിക്കുകയാണ് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ.
എസ്എൻഡിപി യോഗം വിശാല കൗൺസിൽ സമുദായ ഐക്യത്തിന് പച്ചക്കൊടി കാട്ടിയതോടെ ചർച്ചകൾ വേഗത്തിലാവുകയാണ്. ഇന്ന് തന്നെ പെരുന്നയിൽ എത്തി സുകുമാരൻ നായരെ കാണണമെന്നായിരുന്നു എസ്എൻഡിപി യോഗം തുഷാർ വെള്ളാപ്പള്ളിക്ക് നൽകിയ നിർദ്ദേശം. എന്നാൽ തിരുവനന്തപുരത്ത് എൻഡിഎ യോഗം നടക്കുന്നതിനാൽ തുഷാർ വെള്ളാപ്പള്ളി ഇന്ന് എത്തിയില്ല. നാളത്തെ പ്രധാനമന്ത്രിയുടെ സന്ദർശനം കൂടി കഴിഞ്ഞതിന് ശേഷമായിരിക്കും തുഷാർ പെരുനയിൽ എത്തി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തുക. ഇന്നലെ രാത്രിയിലാണ് തുഷാർ വെള്ളാപ്പള്ളി സുകുമാരൻ നായരെ ഫോണിൽ വിളിച്ചു പെരുന്നലേക്ക് വരുന്ന കാര്യം അറിയിച്ചത്. തുഷാറിനെ സുകുമാരൻ നായർ സ്വാഗതം ചെയ്തു. എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗങ്ങളെ സുകുമാരൻ നായർ തുഷാറിന്റെ സന്ദർശനം സംബന്ധിച്ചുള്ള വിവരം അറിയിച്ചിട്ടുണ്ട്.
തുഷാർ പെരുന്നയിലെത്തി ഔദ്യോഗികമായി സമുദായ ഐക്യം അറിയിച്ചതിനുശേഷം എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം ചേരും. മുഴുവൻ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും എസ്എൻഡിപി എൻ എസ് എസ് ഐക്യത്തോട് യോജിപ്പാണ്. സുകുമാരൻ നായരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ മുന്നോട്ടു വെക്കേണ്ട കാര്യങ്ങൾ സംബന്ധിച്ചും എസ്എൻഡിപി യോഗം ധാരണയിൽ എത്തിയിട്ടുണ്ട്. അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുള്ള ചർച്ചകൾ മാത്രമേ നടക്കൂ എന്നാണ് എൻഎസ്എസ് നിലപാട്. നായാടി മുതൽ നസ്രാണി വരെ ഐക്യം എന്ന എസ്എൻഡിപി ആവശ്യത്തോട് എൻഎസ്എസ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, എൻഎസ്എസ് എസ്എൻഡിപി ഐക്യത്തെ അസംബന്ധം എന്നുപറഞ്ഞ് തള്ളുകയാണ് കെപിഎംഎസ്. മുൻപ് പലതവണ ചർച്ച ചെയ്ത് പരാചയപ്പെട്ട എൻഎസ്എസ് എസ്എൻഡിപി ഐക്യം വീണ്ടും ഉയരുന്നത് രാഷ്ട്രീയ താൽപര്യങ്ങൾ ആണെന്ന വിമർശനത്തോട് കെപിഎംഎസും യോജിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam