
തിരുവനന്തപുരം: മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന്‍ ഷംസീറിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്തിൽ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും. സ്പീക്കരുടെ മിത്ത് പരാമർശത്തിനെതിരായ നിയമ നടപടിയും എന്‍എസ്എസ് ആലോചിക്കുന്നുണ്ട്.
എൻഎസ്എസിനെ ശത്രുപക്ഷത്ത് നിർത്താതെ മിത്ത് വിവാദത്തെ രാഷ്ട്രീയമായി നേരിടാൻ സിപിഎം തീരുമാനിക്കുമ്പോഴാണ് നാമജപയാത്രക്കെതിരായ പൊലീസ് കേസെടുക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതൽ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കൻറോൺമെൻ്റ് പൊലീസാണ് കേസെടുത്തത്. പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്. യാത്രക്ക് നേതൃത്വം നൽകിയ എൻഎസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാർ ഒന്നാം പ്രതി, ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കുമെതിരെയാണ് കേസ്. കേസെടുത്തത് എൻഎസ്എസ് നേതൃത്വത്തെ കൂടുതൽ പ്രകോപിപ്പിച്ചു. ഇങ്ങിനെയെങ്കിൽ മുഴുവൻ വിശ്വാസികൾക്കുമെതിരെ കേസെടുക്കേണ്ടിവരുമെന്ന് ജനറൽ സെക്രട്ടരി ജി സുകുമാരൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്പീക്കർ തിരുത്തണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മിത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണമാണ് എൻഎസ്എസ് കാക്കുന്നത്. പക്ഷെ, ഇന്നലെ തിരുവനന്തപുരത്ത് ശാസ്ത്രസാങ്കേതിക വിദ്യയെ കുറിച്ചുള്ള ഒരു പരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രി വിഷയത്തിൽ തൊടാതെയാണ് പ്രസംഗിച്ചത്. മൗനം വിട്ട് കോൺഗ്രസ് അടക്കം പിന്തുണ പ്രഖ്യാപിച്ചത് നേട്ടമായിട്ടാണ് എൻഎസ്എസ് കാണുന്നത്. കേസിനെതിരെ ബിജെപിയും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആർഎസ്എസ്-വിഎച്ച്പി നേതാക്കൾ എൻഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ട് പിന്തുണ അറിയിച്ചു. മിത്ത് പരാമർശത്തിനപ്പുറം ഒരു വിഭാഗം വിശ്വാസികളുടെ പ്രശ്നത്തിൽ എന്നും ഇടത് സർക്കാർ നിഷേധ നിലപാട് സ്വീകരിക്കുന്നുവെന്നാണ് എൻഎസ്എസിൻ്റെ പ്രധാനപരാതി.
വീഡിയോ കാണാം...
നാമജപഘോഷയാത്രയ്‌ക്കെതിരായ കേസ്;നിയമനടപടിക്കൊരുങ്ങി NSS
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam