
കൊച്ചി: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ ഒഡീഷ സ്വദേശി അറസ്റ്റിൽ. ഒഡീഷ രായഗഡ ചന്ദ്രപൂർ മുനാർഗാം സ്വദേശിയായ സിദ്ധാബ് ഗാമിദംഗ (24) ആണ് എറണാകുളം ടൗൺ നോർത്ത് പോലീസിന്റെ പിടിയിലായത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള ഒഡീഷയിലെ വിദൂര ഗ്രാമത്തിൽനിന്ന് നാട്ടുകാരുടെ എതിർപ്പ് മറികടന്നാണ് കൊച്ചി പൊലീസ് സംഘം പ്രതിയെ സാഹസികമായി കസ്റ്റഡിയിലെടുത്തത്.
2024 മുതൽ പ്രതി പരാതിക്കാരിയുമായി പരിചയത്തിലായിരുന്നു. കലൂരിലടക്കം വിവിധ ഹോട്ടലുകളിൽ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്‌തു. ഈ ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചുനൽകുമെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പറഞ്ഞായിരുന്നു ഭീഷണി. ഇതോടെ യുവതി എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസെടുത്ത കാര്യമറിഞ്ഞ പ്രതി ഒഡീഷയിലേക്ക് കടന്നു. ചന്ദ്രപുര ഗ്രാമത്തിൽ വച്ച് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു.
പ്രതിയുടെ ടവർ ലൊക്കേഷൻ പിന്തുടർന്ന് പോലീസ് ആദ്യം ഒഡീഷയിലെ ലോജിഗുഡയിലെത്തി. എന്നാൽ പ്രതിയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് പ്രതിയുടെ ഭാര്യയുടെ ചിത്രം കാണിച്ച് നാട്ടുകാരോട് അന്വേഷിച്ചപ്പോഴാണ് ഗ്രാമവാസികൾ ഇയാളെ തിരിച്ചറിഞ്ഞത്. ഗ്രാമമുഖ്യൻ വഴിയായിരുന്നു പൊലീസിൻ്റെ തുടർന്നുള്ള അന്വേഷണം. പൊലീസെത്തിയ വിവരമറിഞ്ഞ പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയി. എന്നാൽ പൊലീസ് ഒളിത്താവളം കണ്ടെത്തി. എന്നാൽ ഒഡിഷയ്ക്ക് പുറത്തുനിന്ന് പൊലീസ് ഗ്രാമത്തിലെത്തിയത് അറിഞ്ഞ് നാട്ടുകാർ സംഘടിച്ചു. കേരള പൊലീസ് സംഘത്തെ വളഞ്ഞു. തുടർന്ന് ഒഡീഷ പൊലീസും പ്രദേശത്തെ പ്രമുഖ വ്യക്തികളും സ്ഥലത്തെത്തി. പ്രതി ചെയ്‌ത കുറ്റകൃത്യത്തെക്കുറിച്ച് നാട്ടുകാരെ ബോധ്യപ്പെടുത്തി.
ഇവിടം മാവോയിസ്റ്റ് സാന്നിധ്യം മേഖലയായതിനാൽ പ്രതിയെ കസ്റ്റഡിയിലെടുക്കൽ പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. എങ്കിലും നാട്ടുകാർ ശാന്തരായതോടെ പ്രതിയെ പൊലീസിന് കസ്റ്റഡിയിലെടുക്കാനായി. പ്രാദേശിക കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങിയ ശേഷമാണ് പ്രതിയെ കേരളത്തിലെത്തിച്ചത്. എറണാകുളം നോർത്ത് സബ്ബ് ഇൻസ്പെക്ടർ മനോജ്, എസ്.സി.പി.ഒമാരായ സുമേഷ്, പ്രതീപ്, സി.പി.ഒ നിഷീദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam