അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ സംഭവം: കുട്ടിക്ക് സൗജന്യ ചികിത്സയും ഒരു ലക്ഷം ധനസഹായവും: മന്ത്രി

By Web TeamFirst Published Apr 26, 2022, 6:45 PM IST
Highlights

കോട്ടയം വൈക്കത്ത് അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ് പരിക്കേറ്റ മൂന്നര വയസുകാരന് കോട്ടയം ഐസിഎച്ചില്‍ സൗജന്യ ചികിത്സ ഉറപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ അങ്കണവാടികളുടേയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് 10 ദിവസത്തിനകം ഹാജരാക്കാന്‍ ഡയറക്ടര്‍ വനിത ശിശുവികസന വകുപ്പ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും സിഡിപിഒമാര്‍ക്കും നിര്‍ദേശം നല്‍കി. നിലവിലെ കെട്ടിടം സുരക്ഷിതമല്ലെങ്കില്‍ മറ്റൊരു കെട്ടിടം ഉടന്‍ കണ്ടെത്തി അവിടേയ്ക്ക് അങ്കണവാടികള്‍ മാറ്റി പ്രവര്‍ത്തിക്കാനും നിര്‍ദേശം നല്‍കി.

കോട്ടയം വൈക്കത്ത് അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ് പരിക്കേറ്റ മൂന്നര വയസുകാരന് കോട്ടയം ഐസിഎച്ചില്‍ സൗജന്യ ചികിത്സ ഉറപ്പാക്കും. ഇതുകൂടാതെ കുട്ടിയ്ക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ അനുവദിക്കും. അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ് മൂന്നര വയസുകാരന് പരിക്കേറ്റ സംഭവത്തില്‍ മന്ത്രി വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുകയും കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന്റെയടിസ്ഥാനത്തില്‍ സംഭവത്തില്‍ ഉത്തരവാദിയായ ഐസിഡിഎസ് സൂപ്രണ്ടിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസര്‍ എന്നിവരോട് വിശദീകരണം തേടാനും നടപടി സ്വീകരിച്ചു.

click me!