
ആലപ്പുഴ: കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞു വീണു ബോധരഹിതയായ സ്ത്രീക്ക് രക്ഷകയായി നഴ്സിങ് ഓഫീസര്‍. ആലപ്പുഴ ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫീസര്‍ ബിൻസി ആന്‍റണിയാണ് പള്ളിപ്പുറം സ്വദേശിനിയായ മധ്യവയസ്കയ്ക്ക് ബസിനുള്ളിൽ വെച്ചു തന്നെ സിപിആർ നൽകി രക്ഷപ്പെടുത്തിയത്.
ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിന്നും കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിഞ്ഞ് ചേർത്തലയിലുള്ള വീട്ടിലേക്ക് പോകുന്നതിനായി ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും ബിൻസി കയറിയ കെഎസ്ആർടിസി ബസിനുള്ളിലായിരുന്നു സംഭവം.
കായംകുളത്തു നിന്നും വന്ന ബസിനുള്ളിൽ കുറച്ചു യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട ബസിനുള്ളിൽ നിന്നും നിലവിളി കേട്ടാണ് മുൻസീറ്റിൽ ഇരുന്ന ബിൻസി പിന്നിലേക്ക് നോക്കിയത്. അപ്പോൾ ഒരു സ്ത്രീയുടെ ദേഹത്തേക്ക് മറ്റൊരു സ്ത്രീ വീണു കിടക്കുന്നതാണ് കണ്ടത്. ബസ് നിർത്തിയതിനെ തുടർന്ന് കണ്ടക്ടറുടെയും യാത്രക്കാരുടെയും സഹായത്തോടെ ബോധരഹിതയായ സ്ത്രീയെ ബസിനുള്ളിൽ നിലത്തു കിടത്തി നഴ്സ് ആയ ബിൻസി സിപിആർ നൽകി.
തുടർന്ന് ബോധം ലഭിച്ച സ്ത്രീയെ കെഎസ്ആർടിസി ബസിൽ തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മധ്യവയസ്കയ്ക്ക് അടിയന്തിര ചികിത്സ നൽകിയശേഷം വണ്ടാനത്തേക്ക് റഫർ ചെയ്തു. ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്ത സഹോദരനെ തിരികെ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു കുഴഞ്ഞുവീണ സ്ത്രീയെന്ന് കൂടെയുണ്ടായിരുന്ന സ്ത്രീയുടെ സംസാരത്തിൽ നിന്നും മനസിലായതായി നഴ്‌സിങ് ഓഫിസര്‍ ബിൻസി ആന്‍റണി പറഞ്ഞു.
ആലപ്പുഴ ജനറൽ ആശുപത്രിയിൽ കഴിഞ്ഞ ഒരു വർഷമായി ജോലി ചെയ്തു വരുന്ന ബിൻസി ചേർത്തല പള്ളിപ്പുറം ചാത്തമംഗലത്ത് നികർത്ത് സിബിയുടെ ഭാര്യയാണ്. മക്കൾ: വിദ്യാർത്ഥികളായ അലക്സ്, ബേസിൽ ' ബിൻസിയെ ആശുപത്രി സൂപ്രണ്ട് ഡോ സന്ധ്യ ആറിന്‍റെ നേതൃത്വത്തിൽ ജീവനക്കാർ അഭിനന്ദനങ്ങൾ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam