
തെലങ്കാന: ബംഗളൂരുവിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബിഎസ്സി നഴ്സിങ് വിദ്യാർഥി ആദിത്യന്റെ മരണത്തിൽ കോളേജ് മാനേജ്മെന്റിനെതിരെ കുടുംബം. ആദിത്യൻ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീർക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നു എന്നാണ് പരാതി. വിദ്യാർത്ഥി ജീവനൊടുക്കിയത് ഒറ്റപ്പെടൽ നേരിട്ടതുകൊണ്ടാണ് മാനേജ്മെന്റിന്റെ വിശദീകരണം.
മരണ വിവരം അറിഞ്ഞ ഇന്നലെ ബംഗളൂരുവിൽ എത്തിയ അച്ഛൻ പ്രദീപ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളോട് ആദിത്യൻ ആത്മഹത്യ ചെയ്തതാണെന്ന് മാനേജ്മെന്റ് തറപ്പിച്ച് പറഞ്ഞതാണ് സംശയങ്ങൾക്ക് ഇടനൽകുന്നത്. പരാതി സ്വീകരിക്കാൻ ആദ്യഘട്ടത്തിൽ ഹെബ്ബഗോഡി പോലീസ് വിമുഖത കാണിച്ചതും ദുരൂഹത വർദ്ധിപ്പിക്കുന്നു. ബംഗളൂരുവിലെ ഒരു അഭിഭാഷകന്റെ ഇടപെടലിനു ശേഷമാണ് പരാതി സ്വീകരിക്കാൻ പോലും പോലീസ് തയ്യാറായത്. സഹപാഠികളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ആദിത്യൻ പരാതി നൽകിയിട്ടും നടപടി എടുക്കാത്തതും ദുരൂഹമാണ്.
പരാതി നൽകിയ ആദിത്യനും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ട് എന്ന് ആരോപണ വിധേയർ പറഞ്ഞപ്പോൾ മാനേജ്മെന്റ് എന്തു നടപടി എടുത്തു എന്നതും വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. ഈ ആരോപണവുമായി ബന്ധപ്പെട്ട് അധ്യാപകന്റെ കുറ്റപ്പെടുത്തലുകൾക്കും ആദിത്യൻ ഇരയായിരുന്നു. ഈ വിവരങ്ങൾ എല്ലാം ഉന്നയിച്ച് അച്ഛൻ പ്രദീപ് നൽകിയ പരാതി സ്വീകരിച്ചിട്ടുണ്ടെങ്കിലും പോലീസ് അതിൽ തുടർനടപടികൾ ഒന്നും ഇതുവരെ എടുത്തിട്ടില്ല. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ബന്ധുവിന്റേതാണ് കോളേജ് എന്നതാണോ നടപടികളിലെ മെല്ലെ പോക്കിന് കാരണം എന്ന് കുടുംബത്തിന് സംശയമുണ്ട്. ഇതിനിടയിലാണ് ആദിത്യന്റെ ശബ്ദ സന്ദേശം പുറത്തുവന്നിരിക്കുന്നത്.
മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട പരാതി ഒന്നിലേറെ തവണ ആദിത്യൻ ഉയർത്തിയിട്ടും എന്തുകൊണ്ട് വിദ്യാർത്ഥിയെ മറ്റൊരു മുറിയിലേക്ക് മാറ്റിയില്ല എന്ന് ചോദ്യവും ഈ ഘട്ടത്തിൽ ഉയരുന്നുണ്ട്. അതേസമയം ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ് മാനേജ്മെന്റ. ഒറ്റപ്പെടൽ ഉയർത്തിയ മാനസിക സംഘർഷവും പ്രണയ പരാജയവും ആകാം ആത്മഹത്യയിലേക്ക് നയിച്ചത് എന്ന ഒരു വിശദീകരണം ആണ് മാനേജ്മെന്റ് നൽകുന്നത്. ഈ വിശദീകരണം വിശ്വാസത്തിൽ എടുക്കാൻ ആദിത്യന്റെ കുടുംബവും തയ്യാറല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam