
തൃശ്ശൂർ: ഡിവൈഎഫ്ഐ നേതാവ് എൻവി വൈശാഖനെ പാർട്ടിയിൽ നിന്ന് തരംതാഴ്ത്തണമെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തു. സിപിഎം ഏരിയാ കമ്മിറ്റിയംഗമാണ് നിലവിൽ വൈശാഖൻ. തരംതാഴ്ത്താനുള്ള ശുപാർശയിൽ സിപിഎം സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. വനിതാ നേതാവിന്റെ പരാതിയിലാണ് നടപടി.
ഇന്ന് ചേർന്ന തൃശ്ശൂർ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗം എൻ വി വൈശാഖനെതിരായ പരാതി ചർച്ച ചെയ്തിരുന്നു. നേരത്തേ തന്നെ വൈശാഖനെതിരെ സിപിഎം നടപടിയെടുത്തിരുന്നു. ഡിവൈഎഫ്ഐയുടെ ജില്ലാ ജാഥയുടെ ക്യാപ്റ്റനായിരുന്ന വൈശാഖനെ സ്ഥാനത്ത് നിന്ന് നീക്കിയതായിരുന്നു ആദ്യത്തെ നടപടി. പിന്നാലെ ഡിവൈഎഫ്ഐയുടെ ജില്ലാ സെക്രട്ടറിയായ ഇദ്ദേഹത്തോട് നിർബന്ധിത അവധിയിൽ പോകാനും ആവശ്യപ്പെട്ടു. ചാനൽ ചർച്ചകളിൽ സിപിഎമ്മിന്റെ ശക്തമായ മുഖവും സജീവ സാന്നിധ്യവുമായിരുന്ന വൈശാഖനെതിരായ പരാതി പൊലീസിന് കൈമാറാൻ സിപിഎം തയ്യാറാകണമെന്ന് നേരത്തെ തന്നെ കോൺഗ്രസിന്റെയടക്കം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
ഏതെങ്കിലും അംഗം തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടാൽ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും നടപടികൾ തെറ്റുകൾ തിരുത്തിക്കാനാണെന്നും സിപിഎം ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അച്ചടക്ക നടപടിക്ക് വിധേയരായവർ പിന്നീട് തെറ്റ് തിരുത്തി പാർട്ടിയിലേക്ക് വന്നിട്ടുള്ളതിന്റെ ധാരാളം അനുഭവങ്ങൾ ജില്ലയിലുണ്ട്. അച്ചടക്ക നടപടിയെ ചാരി സിപിഎമ്മിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ വിലപ്പോവില്ല. ശക്തമായ എതിരാളികളുടെയും മാധ്യമപ്രഭുക്കളുടെയും കടന്നാക്രമണങ്ങളെ ചെറുത്താണ് സിപിഎം തൃശ്ശൂർ ജില്ലയിൽ വളർന്നത്. വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശക്തികേന്ദ്രമെന്ന് പറഞ്ഞിരുന്ന ജില്ലയിൽ 13ൽ പന്ത്രണ്ട് നിയമസഭ മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ലഭിച്ച ജനകീയ സ്വീകാര്യത കൊണ്ടാണെന്നും സിപിഎം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്