മതം തിരിച്ചുള്ള കണക്കുകള്‍ തേടി വീണ്ടും ഒ രാജഗോപാല്‍; ഇത്തവണ അറിയേണ്ടത് സ്കൂളുകളുടെ വിവരം

By Web TeamFirst Published Nov 25, 2019, 3:49 PM IST
Highlights

നവംബർ ഏഴിന‍ാണ് ഒ രാജഗോപാൽ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനോട് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങളുടെ മതം തിരിച്ചുള്ള കണക്കുകള്‍ തേടിയത് 

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസമേഖലയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ മതം തിരിച്ചുള്ള വിവരം തേടി ഒ രാജഗോപാൽ എംഎൽഎ. ബിപിഎൽ ഗുണഭോക്താക്കളുടെ മതം തിരിച്ചുള്ള കണക്ക് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതം തിരിച്ചുള്ള വിവരം നിയമസഭയില്‍ രാജഗോപാല്‍ ആവശ്യപ്പെട്ടത്. എന്നാൽ, ബിപിഎൽ കണക്ക് ആവശ്യപ്പെട്ടുള്ള നിയമസഭാ ചോദ്യത്തിന് വിവരം ശേഖരിച്ചിട്ടില്ല എന്ന മറുപടിയായിരുന്നു രാജഗോപാലിന് കിട്ടിയത്.  

''ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്? സംസ്ഥാനത്ത് ആകെ എത്ര കുടുംബങ്ങള്‍ ബിപിഎല്‍ പട്ടികയിലുണ്ട്? ഇതില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം കുടുംബങ്ങളുടെ എണ്ണമെത്രയെന്നും ഓരോ വിഭാഗവും എത്ര ശതമാനം വീതമുണ്ടെന്നും വ്യക്തമാക്കാമോ?'', ഇതായിരുന്നു കഴിഞ്ഞമാസം 11-ന് മന്ത്രി പി തിലോത്തമനോട് ഒ രാജഗോപാല്‍ ഉന്നയിച്ച ചോദ്യം. തുടർന്ന് സെപ്റ്റംബർ 29 വരെ 39,6071 കുടുംബങ്ങളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മത വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ കണക്ക് ശേഖരിച്ചിട്ടില്ല എന്ന് മന്ത്രി പി തിലോത്തമൻ ഒ രാജഗോപാലിന് മറുപടി നൽകി.

നവംബർ ഏഴിന‍ാണ് ഒ രാജഗോപാൽ സമാനമായ രീതിയിൽ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനോട് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വകാര്യ മേഖലയിൽ എത്ര സ്ഥാപനങ്ങളുണ്ടെന്ന ചോദ്യം ഉന്നയിച്ചത്. ''സ്വകാര്യ മേഖലയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലിം മതവിഭാഗങ്ങളിൽപ്പെട്ട മാനേജ്മെന്റുകൾ നടത്തുന്നവ എത്ര? ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ? സംസ്ഥാനത്തെ എയ്ഡഡ് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആകെ എണ്ണം എത്രയാണ്? ഇതിൽ ഹിന്ദു, ക്രിസ്ത്യൻ,മുസ്‌ലിം മതവിഭാഗങ്ങൾ നടത്തുന്നത് എത്ര ?’’, എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ. എന്നാൽ, ഒ രാജഗോപാലിന്റെ ചോദ്യങ്ങൾക്കൊന്നും മന്ത്രി സി രവീന്ദ്രനാഥ് ഇതുവരെ മറുപടി നൽകിയിട്ടില്ല.

click me!