
ആലപ്പുഴ: ആലപ്പുഴയിൽ പാർട്ടിയിലെ കൂട്ട നടപടിക്ക് പിന്നാലെ അശ്ലീല വീഡിയോ വിവാദത്തിലും സിപിഎം നടപടി. സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം ഉൾപ്പെട്ട അശ്ലീല വീഡിയോ ദൃശ്യ വിവാദത്തിലാണ് പാർട്ടി നടപടിയെടുത്തത്. സ്ത്രീകളുടെ നഗ്ന ദൃശ്ശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിച്ച എ പി സോണയെ മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഈ വിഷയത്തിൽ സോണയെ പിന്തുണക്കുകയും ഇരകളായ സ്ത്രീകളെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എഡി ജയനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. 6 മാസത്തേക്കാണ് സസ്പെൻഷൻ.
സാമ്പത്തിക തിരിമറിയെന്ന പരാതിയിൽ സിപിഎം കായംകുളം ഏരിയ സെക്രട്ടറി അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റിയംഗം എൻ ശിവദാസ് എന്നിവർക്കെതിരെ അന്വേഷണ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്. അതേസമയം, ആലപ്പുഴ സി പി എമ്മിലെ അച്ചടക്ക നടപടിയെ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചില്ല. ആലപ്പുഴയിലെ നടപടിയെക്കുറിച്ച് ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടറി വിശദീകരിക്കുമെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. എന്നാൽ വിഷയത്തിൽ മറ്റൊരു പ്രതികരണത്തിനും എംവി ഗോവിന്ദൻ തയ്യാറായില്ല. അതേസമയം, എസ്എഫ്ഐ വ്യാജ സിഗ്രി വിവാദത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചില്ല. എന്നാൽ അച്ചടക്ക നടപടിയിൽ പ്രതികരണവുമായി പിപി ചിത്തരഞ്ജൻ രംഗത്തെത്തി.
ആലപ്പുഴ സിപിഎമ്മിലെ അച്ചടക്ക നടപടി: പ്രതികരിക്കാതെ എംവി ഗോവിന്ദൻ, വ്യാജ ഡിഗ്രിയിലും മൗനം
താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്ന് എന്ന് പി പി ചിത്തരഞ്ജൻ പറഞ്ഞു. അച്ചടക്ക നടപടിയെ കുറിച്ച് പാർട്ടി സെക്രട്ടറി വിശദീകരിക്കുമെന്നും ചിത്തരഞ്ജൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് വിഭാഗീയ പ്രവർത്തനങ്ങളിൽ കുറ്റക്കാരനെന്ന് കണ്ടു ചിത്തരഞ്ജനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മറ്റിയിലേക്ക് ഇന്നലെ തരംതാഴ്ത്തിയത്. ഇതിന് പിന്നാലെയാണ് ചിത്തരഞ്ജന്റെ പ്രതികരണം.
അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ, നടപടി പാർട്ടി സെക്രട്ടറി വിശദീകരിക്കും: പ്രതികരണവുമായി ചിത്തരഞ്ജൻ