
ആലപ്പുഴ: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽവെച്ച് ക്രിമിനൽ കേസ് പ്രതികളെ മയക്കുമരുന്ന് ഗുളികകളും കഞ്ചാവുമായി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മുഹമ്മ പൊലീസും ചേർന്ന് പിടികൂടി. അമ്പലപ്പുഴ വണ്ടാനം സ്വദേശി ഇജാസ് (26), മകൻ മാഹിൻ (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 200ഓളം നൈട്രോസെഫാം ഗുളികകളും 250 ഗ്രാം കഞ്ചാവും സംഘം പിടിച്ചെടുത്തു. നിരവധി മോഷണക്കേസുകളിലും കൊലപാതകശ്രമം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിലും പ്രതിയാണ് ഇജാസ്. കഴിഞ്ഞമാസം ആലപ്പുഴ നോർത്തിൽ രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ച കേസിൽ നോർത്ത് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
നിരവധി മയക്കുമരുന്ന്, മോഷണക്കേസുകളിൽ പ്രതിയാണ് മാഹിൻ. മാസങ്ങളായി ജില്ലയ്ക്ക് പുറത്ത് താമസിച്ച് ഒഡിഷയിൽപോയി കഞ്ചാവ് വാങ്ങി വില്പന നടത്തിവരികയായിരുന്നു ഇരുവരും. സംസ്ഥാനത്തിന് പുറത്തുനിന്ന് ട്രെയിനിൽ ജില്ലയ്ക്ക് പുറത്തിറങ്ങി, അവിടെനിന്ന് ബസിലോ ബൈക്കിലോ എത്തിയാണ് ഇവർ ഇടപാടുകാർക്ക് മയക്കുമരുന്ന് കൈമാറുന്നത്. സുരക്ഷിതമായി കൈമാറ്റം നടത്തുന്നതിനായാണ് ഇവർ തണ്ണീർമുക്കം ബണ്ട് മേഖല തെരഞ്ഞെടുത്തത്.
ഒഡിഷയിൽനിന്ന് കഞ്ചാവ് വാങ്ങി വരുന്നവഴി പലയിടങ്ങളിലായി വില്പന നടത്തിയശേഷം, ബാക്കിവന്ന കഞ്ചാവും ഗുളികകളുമായി തണ്ണീർമുക്കം ബണ്ട് വഴി മടങ്ങാൻ നിൽക്കുമ്പോഴാണ് ഇവർ വലയിലായത്. സ്വന്തം പേരിലോ ഒരുമാസത്തിൽ കൂടുതലോ ഒരു സിം കാർഡ് ഉപയോഗിക്കാത്ത ഇജാസ് നിരന്തരം ഒളിത്താവളങ്ങൾ മാറിയാണ് കച്ചവടം നടത്തിയിരുന്നത്. ചേർത്തല ഡിവൈഎസ്‌പി അനിൽകുമാർ, മുഹമ്മ സിഐ വിഷ്ണുകുമാർ, എസ്‌സിപിഒമാരായ അഖിൽ, സുജിത്ത് എന്നിവരും നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി പങ്കജാക്ഷന്‍റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam