
തിരുവനന്തപുരം: വൈദ്യുതി ഭവന് മുന്നിലെ ഓഫീസേഴ്സ് അസോസിയേഷന്‍റെ സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ഇനി ജനങ്ങളിലേക്ക് ഇറങ്ങാനാണ് സംഘടനയുടെ തീരുമാനം. പ്രക്ഷോഭ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി, സംസ്ഥാനമൊട്ടാകെ ഒരു മാസം നീണ്ട് നില്‍ക്കുന്ന പ്രചരണ പരിപാടി സംഘടിപ്പിക്കും. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ മെയ് 16 മുതല്‍ ചട്ടപ്പടി സമരം തുടങ്ങും. അതേ സമയം നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ചെയര്‍മാന്‍ ബി അശോക്, കൂടുതല്‍ അച്ചടക്ക നടപടിക്കൊരുങ്ങുകയാണ്.
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍റെ സത്യഗ്രഹ സമരത്തിന്‍റെ ഫ്യൂസ് തത്ക്കാലത്തേക്ക് ഊരി. നേതാക്കളുടെ സ്ഥലം മാറ്റ ഉത്തരവ് പിന്‍വലിക്കില്ലെന്ന നിലപാടില്‍ ചെയര്‍മാന്‍ ഉറച്ച് നില്‍ക്കുകയാണ്. മുന്നണിയും നേത്വത്വവും കൈവിട്ടതോടെയാണ് തത്ക്കാലം രണ്ട് ചുവട് പിന്നോട്ട് നീങ്ങാന്‍ അസോസിയേഷന്‍ നിര്‍ബന്ധിതമായത്. പ്രക്ഷോഭ സാഹചര്യം ജനങ്ങളെ ബോധ്യപ്പെടുത്തും. നാളെ മുതല്‍ മെയ് 2 വരെ ജനപ്രതിനിധികളെയടക്കം കണ്ട് വിശദീകരണ കുറിപ്പ് നല്‍കും. മെയ് മൂന്ന് മുതല്‍ സംസ്ഥാനത്ത് 2 മേഖലാ ജാഥകള്‍ തുടങ്ങും. മെയ് 16 നകം അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍, ചട്ടപ്പടി സമരത്തിലേക്കും, നിരാഹാര സത്യഗ്രഹത്തിലേക്കും നീങ്ങും.
സര്‍വ്വീസ് ചട്ട ലംഘനത്തിന് നടപടിയെടുക്കുമെന്ന ചെയര്‍മാന്‍റെ ഉത്തരവ് തള്ളി, ആയിരത്തളം പേരെ അണിനിരത്തി ഓഫീസേഴ്സ് അസോസിയേഷന്‍ ഇന്ന് വൈദ്യുതി ഭവന്‍ വളഞ്ഞിരുന്നു. നാളെ ഓഫീസര്‍മാരുടെ എല്ലാ സംഘടനകളുമായും ചര്‍ച്ച നടത്താമെന്നാണ് വൈദ്യുതി മന്ത്രി വ്യക്തമാക്കിയത്. അനുകൂല തീരുമാനം ഉടനുണ്ടാകില്ലെന്ന് ഉറപ്പായതും സമരം തത്കാലത്തേക്ക് അവസാനിപ്പിക്കാന്‍ കാരണമായി.
അതേ സമയം ഓഫീസേഴ്സ് അസോസിയേഷനെതിരെ കൂടുതല്‍ അച്ചടക്ക നടപിടക്ക് കെഎസ്ഇബി ഒരുങ്ങുകയാണ്. ഏപ്രില്‍ 5 ന് സത്യഗ്രഹ സമരത്തിന്‍റെ ഭാഗമായി ബോര്‍ഡ് യോഗത്തിലേക്ക് തള്ളിയക്കയറിയ 18 പേരെ തിരിച്ചറിഞ്ഞു. വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ച് ചീഫ് വിജിലന്‍സ് ഓഫീസറാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഇക്കാര്യത്തില്‍ ബോര്‍ഡ് തീരുമാനം ഉടനുണ്ടാകും.
വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി നാളെ ചര്‍ച്ച
കെഎസ്ഇബിയിലെ ഓഫീസര്‍മാരുടെ എല്ലാ സംഘടകളുമായും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നാളെ ചര്‍ച്ച നടത്തും. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് ചര്‍ച്ച. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍റെ പ്രക്ഷോഭത്തിന്‍റെ സാഹചര്യത്തിലാണ് മന്ത്രി ചര്‍ച്ച നടത്തുന്നത്. നേതാക്കളുടെ സ്ഥലം മാറ്റം പിന്‍വലിക്കുന്ന കാര്യത്തില്‍ നാളത്തെ യോഗത്തില്‍ തീരുമാനമുണ്ടാകാന്‍ സാധ്യതയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam