ചിറ്റാറിലെ മത്തായിയുടെ മരണം, ആരോപണ വിധേയരായ ഉദ്യോഗസ്ഥ‍ര്‍ക്കെതിരെ നടപടി

By Web TeamFirst Published Aug 1, 2020, 5:19 PM IST
Highlights

ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ആറ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉത്തരവിറക്കി

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ആറ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മത്തായിയെ കസ്റ്റഡിയിൽ എടുത്തപ്പോൾ ഉണ്ടായിരുന്ന സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, മൂന്ന് ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, ട്രൈബൽ വാച്ചർ, ചിറ്റാർ സ്റ്റേഷനിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസ‍ര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. റാന്നി ഡിഎഫ്ഒയുടെതാണ് ഓർഡർ. ഉത്തരവിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

അതേ സമയം മത്തായിയുടെ മൃതദേഹം ഉടൻ സംസ്കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം. കേസിന്റെ തുടക്കം മുതൽ വനം വകുപ്പിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഉറച്ച് നിൽക്കുകയാണ് മത്തായിയുടെ കുടുംബം. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം മുങ്ങി മരണം ആണെങ്കിലും അതിലേക്ക് നയിച്ചത് വനപാലകരാണെന്ന് മത്തായിയുടെ ഭാര്യ ഷീബ ആരോപിച്ചു. 

ചൊവ്വാഴ്ചയാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെട്ട മത്തായി കിണറ്റിലേക്ക് ചാടിയെന്നായിരുന്നു വനം വകുപ്പ് വിശദീകരണം. വനം വകുപ്പിന്റെ ഈ വാദങ്ങൾ ശരിവെയ്ക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. മത്തായിയുടെ ശരീരത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ല. എന്നാൽ തലയുടെ ഇടത് ഭാഗത്ത് ക്ഷതവും. ഇടതുകൈയ്യുടെ അസ്ഥിക്ക് ഒടിവുമുണ്ട്. മൂക്കിൽ നിന്ന് രക്തം വാർന്നതിന്റെ സൂചനകളുമുണ്ട്. 

click me!