10,+1,+2 ക്ലാസുകൾ ഓഫ് ലൈനായി തുടരും: + 1 ഇംപ്രൂവ്മെൻ്റ് പരീക്ഷകൾക്ക് മാറ്റമില്ല

By Asianet MalayalamFirst Published Jan 27, 2022, 5:20 PM IST
Highlights

ഈ വർഷം പൊതുപരീക്ഷയ്ക്ക്  60 ശതമാനം ഫോക്കസ് ഏരിയയിൽ നിന്നാവും 70 ശതമാനം ചോദ്യങ്ങൾക്കും ഉത്തരമെഴുതേണ്ടി വരിക. നോണ് ഫോക്കസ് ഏരിയയിൽ നിന്നും 30 ശതമാനം ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസ് വിദ്യാ‍ർത്ഥികളുടെ ഓഫ് ലൈൻ ക്ലാസുകൾ തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അവലോകനയോ​ഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസമന്ത്രി. ഈ വർഷം പൊതുപരീക്ഷയ്ക്ക്  60 ശതമാനം ഫോക്കസ് ഏരിയയിൽ നിന്നാവും 70 ശതമാനം ചോദ്യങ്ങൾക്കും ഉത്തരമെഴുതേണ്ടി വരിക. നോണ ഫോക്കസ് ഏരിയയിൽ നിന്നും 30 ശതമാനം ചോദ്യങ്ങൾക്ക് ഉത്തരമെഴുതണമെന്നും ഓൺലൈൻ ക്ലാസുകളിൽ ഹാജർ നിർബന്ധമാക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. 

മന്ത്രിയുടെ വാക്കുകൾ - 

ഒന്ന് മുതൽ ഒൻപത് വരെയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ കൂടുതൽ വിപുലമാക്കും. ഒന്നാം തരം മുതൽ ഏഴാം തരം വരെ വിക്ടേഴ്സ് ഡിജിറ്റൽ ക്ലാസ് വഴിയാവും നടത്തുക. ബാക്കി ജിസ്യൂട്ട് വഴിയും അധ്യയനം നടത്തും. ഓൺലൈൻ ക്ലാസുകളിൽ ഹാജ‍ർ രേഖപ്പെടുത്തും. അതേസമയം പത്ത്, പ്ലസ് വണ്, പ്ലസ് ടു വിദ്യാർത്ഥികൾക്ക് സ്കൂളിൽ അധ്യയനം തുടരും. 

10,11,12 പാഠഭാഗങ്ങൾ പരീക്ഷയ്ക്ക് മുൻപ് തീർക്കാൻ ക്രമീകരണം ഏ‍ർപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനായി പുതിയ ടൈംടേബിൾ നൽകും. അധിക ക്ലാസുകൾ ആവശ്യമെങ്കിൽ അതും ആലോചിക്കും. ഹയ‍ർസെക്കണ്ടറി ഇംപ്രൂവ്മെൻ്റ പരീക്ഷകൾ ഈ മാസം 29-ന് തന്നെ നടക്കും. ഇതിൽ മാറ്റമില്ല. കൊവിഡ് പൊസീറ്റിവായ വിദ്യാ‍ർത്ഥികൾക്ക് പരീക്ഷകൾ എഴുതാൻ പ്രത്യേക സംവിധാനം ഏർപ്പാടുക്കുമെന്നും ഇതിനായി ആരോ​ഗ്യവകുപ്പിൻ്റെ സഹായം തേടുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. 

അധ്യാപകർ നിരന്തരം കുട്ടികളുമായി ആശയവിനിമയം നടത്തണമെന്നും റിപ്പോർട്ട് നൽകണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പി.ടി.എ യോഗങ്ങൾ വിളിച്ച് സ്ഥിതി​ഗതികൾ പരിശോധിക്കണം. ഹയർ സെക്കണ്ടറി വിഭാ​ഗം വിദ്യാ‍ർത്ഥികൾക്ക് എഴുത്ത് പരീക്ഷയ്ക്ക് ശേഷമായിരിക്കും പ്രാക്ടിക്കൽ നടത്തുക. കൗമാരക്കാരുടെ വാക്സീനേഷൻ 80 ശതമാനം പിന്നിട്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. 

ഈ വർഷം പൊതുപരീക്ഷയ്ക്ക്  60 ശതമാനം ഫോക്കസ് ഏരിയയിൽ നിന്നാവും 70 ശതമാനം ചോദ്യങ്ങൾക്കും ഉത്തരമെഴുതേണ്ടി വരിക. നോണ് ഫോക്കസ് ഏരിയയിൽ നിന്നും 30 ശതമാനം ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം. ആകെ 45 ശതമാനം ചോദ്യങ്ങൾ നൽകും. വിദ്യാർത്ഥികളുടെ മികവ് അനുസരിച്ചാവും മൂല്യനിർണയമെന്നും ഇൻ്റേണൽ - പ്രാക്ടിക്കൽ മാർക്കുകൾ കൂടി വിദ്യാർത്ഥികളുടെ ഗ്രേഡ് നിശ്ചയിക്കാൻ കൂട്ടിച്ചേർക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. എൻട്രൻസ് പരീക്ഷയ്ക്ക് അടക്കം എല്ലാ ഭാഗങ്ങളിൽ നിന്നും ചോദ്യം ഉണ്ടാവുമെന്നും ഇത്തരം മാറ്റങ്ങൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. നമ്മുടെ കുട്ടികൾ മത്സരപരീക്ഷയിൽ പിന്നിലാവാൻ പാടില്ല. പരീക്ഷ പേടി കുറയ്ക്കാനാണ് ശ്രമം. 

click me!