പഴയ ഇടത് VS പുതിയ ഇടതോ? സിപിഎമ്മിലെ പൊട്ടിത്തെറികളുടെ യഥാര്‍ത്ഥ കാരണമെന്ത്?

Published : Mar 19, 2026, 06:39 PM IST
cpm flag

Synopsis

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ സിപിഎമ്മിനുള്ളിലെ പഴയ-പുതിയ നേതൃത്വങ്ങള്‍ തമ്മിലുള്ള ഭിന്നതയും രൂക്ഷമാവുകയാണ്. മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തുന്നതും താഴെത്തട്ടിലെ വിമര്‍ശനങ്ങളെ അവഗണിക്കുന്നതും പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമാകുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സിപിഎമ്മിനുള്ളില്‍ വര്‍ധിച്ചുവരുന്ന അസ്വസ്ഥതകളും പൊട്ടിത്തെറികളും വലിയ രാഷ്ട്രീയ ചര്‍ച്ചയായി മാറുകയാണ്. ഒരു കാലത്ത് കൃത്യമായ സംഘടനാ ശൈലിയും നേതൃപാടവവും ഉണ്ടായിരുന്ന പാര്‍ട്ടിയില്‍ ഇപ്പോള്‍ 'പഴയ ഇടത്' VS 'പുതിയ ഇടത്' എന്ന ഭിന്നത വ്യക്തമായി ഉയര്‍ന്നുവരുന്നുണ്ടോ എന്നാണ് പൊതുവെയുള്ള ചോദ്യം. തുടര്‍ഭരണത്തെ തുടര്‍ന്ന് സൃഷ്ടിക്കപ്പെട്ട അധികാരകേന്ദ്രിതമായ പുതിയ നേതൃത്വവും കമ്യൂണിസ്റ്റ് പാരമ്പര്യത്തില്‍നിന്നുടലെടുത്ത പഴയ നേതൃത്വവും തമ്മിലുള്ള സംഘര്‍ഷമാണ് ഇതിനു കാരണമാവുന്നതെന്നാണ് നിഗമനം.

ജി സുധാകരന്‍, ടികെ ഗോവിന്ദന്‍, വി കുഞ്ഞികൃഷ്ണന്‍, ഐഷാ പോറ്റി തുടങ്ങി നിരവധി മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നു കഴിയുന്നത് ഈ അടുത്ത ദിവസങ്ങളില്‍ നമ്മള്‍ കണ്ടതാണ്. പല പ്രദേശങ്ങളിലും മുതിര്‍ന്ന നേതാക്കള്‍ മാറ്റിനിര്‍ത്തപ്പെടുകയും പുതുതലമുറ നേതൃത്വത്തിലേക്ക് വരികയും ചെയ്തിട്ടുണ്ട്. ഇതാണ് പല തലങ്ങളില്‍ പൊട്ടിത്തെറികളിലേക്ക് വഴിയൊരുക്കുന്നത് എന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിക്ക് മേല്‍ വരുന്ന ഓരോ ആരോപണങ്ങളെയും പ്രതിരോധിച്ച് നിന്ന മുതിര്‍ന്ന നേതാക്കള്‍ നിലവിലെ നേതൃത്വം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളില്‍നിന്നും അകലം പാലിക്കുന്നതും ഇതിന്റെ സൂചനയാണ്.

കേന്ദ്രീകൃത അധികാര പ്രവണത നിലവില്‍ വരികയും പാര്‍ട്ടിയ്ക്കു മുകളിലേക്ക്, നേതൃത്വവും അവരെ ഒട്ടിനില്‍ക്കുന്ന പലതരം സ്തുതിപാഠകരും കടന്നുവരികയും ചെയ്യുന്നതായി നേരത്തെയും താഴെത്തട്ട് സമ്മേളനങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, സ്വയംവിമര്‍ശനത്തിന്റെ വഴികള്‍ അടച്ചുകളയുകയും മുകളില്‍നിന്നുള്ള തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ താഴേത്തട്ട് വിമര്‍ശനങ്ങള്‍ എവിടെയുമെത്താതെ പോയി. ഇത് സൃഷ്ടിക്കുന്ന അസംതൃപ്തി മറികടക്കാന്‍ പാര്‍ട്ടി മെഷിനറിക്ക് കഴിയാതെ വരുന്നതോടെയാണ് സംഘടനാപരമായ പൊട്ടിത്തെറികള്‍ ഉണ്ടാവുന്നത്.

പ്രാദേശിക തലത്തിലുള്ള പ്രവര്‍ത്തകരുടെയും കേഡറുകളുടെയും ആശങ്കകള്‍ ഒരു തരത്തിലും കേള്‍ക്കാതെ, പാര്‍ട്ടി നേതൃത്വം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുവെന്ന ആരോപണവും ഇതോടൊപ്പം കാണേണ്ടതുണ്ട്. തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്ന് ഇപ്പോഴും പുറത്തുപറയുമ്പോഴും തൊഴിലാളി കേന്ദ്രീകൃത നിലപാടുകളില്‍നിന്നും പാര്‍ട്ടി നേതൃത്വം അകന്നുപോവുകയാണ് എന്ന ആരോപണം കാലങ്ങളായി കേള്‍ക്കുന്നുണ്ട്. തുടര്‍ഭരണകാലത്ത് ഇത് കൂടുതല്‍ മറനീക്കി പുറത്തുവരുന്നതാണ് കാണുന്നത്.

ഇതോടൊപ്പം, സിറ്റിംഗ് എംഎല്‍എമാരെത്തന്നെ വീണ്ടും വീണ്ടും പരിഗണിക്കുന്നതും പാര്‍ട്ടിക്കു വേണ്ടി ജീവന്‍കൊടുക്കാന്‍ തയ്യാറായ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ അവഗണിക്കുന്നതും പ്രാദേശിക തലങ്ങളില്‍ അസംതൃപ്തി സൃഷ്ടിക്കുന്നുണ്ട്. പാര്‍ട്ടിക്കുള്ളിലെ ഇത്തരം അസ്വസ്ഥതകള്‍ പ്രതിഷേധമായോ, അല്ലെങ്കില്‍ നിശ്ശബ്ദമായ വോട്ടുമറിയലായോ ഒക്കെ ഈ തെരഞ്ഞെടുപ്പില്‍ പ്രകടമാകാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മുതിര്‍ന്ന നേതാക്കളുടെതായി പുറത്തു വരുന്ന വലിയ തുറന്നു പറച്ചിലുകള്‍, ഇനിയും പരിഹരിക്കപ്പെടാത്ത ആഭ്യന്തര പ്രശ്‌നങ്ങളുടെ സ്വാഭാവിക പൊട്ടിത്തെറികളുടെ സൂചനയായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത് നിലവിലെ നേതൃത്വത്തിന് കീഴില്‍ സിപിഎം നേരിടുന്ന സംഘടനാപരമായ ദൗര്‍ബല്യങ്ങളുടെ നേര്‍ക്കാഴ്ചയാണ്.

തെരഞ്ഞെടുപ്പില്‍ വലിയ നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സിപിഎം സംഘടനാതലത്തില്‍ ശ്രമിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയിലെ ആഭ്യന്തര പ്രതിസന്ധി അതിനെയും മറികടക്കുന്ന വിധത്തില്‍ മറനീക്കുക തന്നെയാണ്. നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ വെല്ലുവിളികളെ എങ്ങനെ അതിജീവിക്കണം എന്നതും പിണറായി 3.0 എന്ന പ്രതീക്ഷ എങ്ങനെ സഫലമാക്കണം എന്നതുമാണ് ഇടതുമുന്നണി നേരിടുന്ന സുപ്രധാന വെല്ലുവിളി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിച്ചു; എഐസിസി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സണ്ണി ജോസഫ്
സിപിഎം ഏരിയ കമ്മിറ്റി അംഗം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കേസ്; പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ