
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ മദ്യപസംഘത്തിൻ്റെ വെട്ടേറ്റ വയോധികൻ മരിച്ചു. പുല്ലംകോണം കൃഷ്ണൻകുട്ടി നായരാണ് മരിച്ചത്. കഴിഞ്ഞ മാസം 18 നാണ് മദ്യപിക്കാൻ പണം നൽകാത്തതിന് നാട്ടുകാരായ പ്രതികൾ 75 കാരനെ വെട്ടി വിഴ്ത്തിയത്.
അയൽവാസികളായ പാച്ചൻ ഷിബു, കറുമ്പൻ മനു എന്നിവരാണ് കൃഷ്ണൻ കുട്ടിനായരെ വാക്കത്തി കൊണ്ട് വെട്ടിയത്. മദ്യപിക്കാൻ പണം നൽകാത്തതായിരുന്നു പ്രകോപനത്തിന് കാരണം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റ 75 കാരനെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം കന്യാകുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നിട് മെഡിക്കൽ കോളേജ് ആയുപത്രിയിലും എത്തിച്ച് ചികിത്സ നൽകി.
പരിക്കിൻ്റെ ഗൗരവം കുറഞ്ഞതോടെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് കൃഷ്ണൻ കുട്ടി നായരെ മാറ്റിയിരുന്നു. അവിടെ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിൽ ചികിത്സയിൽ കഴിയവേ ഇന്ന് വൈകീട്ട് ഏഴരയോടെയായിരുന്നു മരണം സംഭവിച്ചത്.
അക്രമം നടത്തിയ അന്ന് തന്നെ പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് ഷിബുവിനും മനുവിനും എതിരെ ആദ്യം മനപ്പൂർപ്പമല്ലാത്ത വധശ്രമത്തിന് കേസെടുത്തിരുന്നു. പിന്നീട് അന്വേഷണത്തിന് ശേഷം കൊലപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ട് ആക്രമിച്ചതിനുള്ള വകുപ്പുകൾ കൂടി ചേർത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികൾ ഇരുവരും നിലവിൽ റിമാൻഡ് തടവുകാരാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam