Asianet News MalayalamAsianet News Malayalam

പൊലീസുകാർക്കെതിരെ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം; കിളികൊല്ലൂരിൽ മര്‍ദ്ദനമേറ്റ യുവാക്കൾ ഹൈക്കോടതിയിൽ

തങ്ങൾക്കെതിരെ ചുമത്തിയ എഫ്ഐആർ റദ്ദാക്കുക, മർദിച്ച പൊലീസുകാർക്കെതിരെ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുമായിട്ടാണ് യുവാക്കൾ ഹൈക്കോടതിയെ സമീപിച്ചത്.

Kilikollur custodial torture victims in high court for Investigation under supervision of Court
Author
First Published Nov 11, 2022, 9:32 PM IST

കൊല്ലം: കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദിച്ച സംഭവത്തിൽ ഹൈക്കോടതിയെ സമീപിച്ച് മർദനമേറ്റ യുവാക്കൾ. തങ്ങൾക്കെതിരെ ചുമത്തിയ എഫ്ഐആർ റദ്ദാക്കുക, പൊലീസ് മർദനത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുക എന്നിവയാണ് യുവാക്കളുടെ ആവശ്യം. ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ വകുപ്പ് തല അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നാണ് മർദനമേറ്റ സഹോദരങ്ങളുടെ ആരോപണം. ഈ സാഹചര്യത്തിലാണ് യുവാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രിക്ക് യുവാക്കളുടെ കുടുംബം നേരത്തെ കത്തയച്ചിരുന്നു.  

എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചു വരുത്തിയ ശേഷമാണ് പേരൂര്‍ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാര്‍ ക്രൂരമായി മര്‍‍ദ്ദിച്ചത്. മഫ്തിയിലുണ്ടായിരുന്ന എഎസ്ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്‍റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് ചമച്ചത്. ലഹരിക്കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നു എന്ന തരത്തിൽ വാർത്ത പുറത്ത് വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു. സംഭവത്തില്‍ കൊല്ലം സെപെഷ്യൽ ബ്രാഞ്ച് എസിപി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൊലീസിന് വീഴ്ച്ചയുണ്ടായതായി കണ്ടെത്തിയത്. പിന്നാലെ എസ്എച്ച്ഒ, എസ്ഐ അടക്കമുള്ളവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. എസ്എച്ച്ഒ വിനോദ് എസ്, എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് ദക്ഷിണ മേഖല ഐജി പി.പ്രകാശ് സസ്പെൻഡ് ചെയ്തത്. 

Read More : കിളികൊല്ലൂർ മര്‍ദനം, ന്യായീകരിക്കാന്‍ ശ്രമിച്ച് പൊലീസ്, എസ്ഐ അനീഷിന്‍റേതെന്ന് പറയുന്ന വോയിസ് ക്ലിപ്പ് പുറത്ത്

ആഗസ്റ്റ് മാസം 25 ന് പിടികൂടിയ എംഡിഎംഎ കേസ് പ്രതികളെ കാണണം എന്നാവശ്യപ്പെട്ട് കരിക്കോട് സ്വദേശികളായ വിഷ്ണു, വിഘ്നേഷ് എന്നിവർ ഉദ്യോഗസ്ഥരെ അക്രമിച്ചുവെന്നാണ് പൊലീസ് പറയുന്ന കഥ. എന്നാൽ യഥാർഥത്തിൽ പ്രതികളെ ജാമ്യത്തിലിറക്കാൻ ആവശ്യപ്പെട്ട് സ്റ്റേഷനിലുണ്ടായിരുന്ന സിപിഒ മണികണ്ഠൻ വിഘ്നേഷിനെ വിളിച്ചു വരുത്തുകയായിരുന്നു. എംഡിഎംഎ കേസിൽ ജാമ്യം നിൽക്കാനാകില്ലെന്ന് യുവാവ് പറഞ്ഞു. വിഘ്നേഷിനെ അന്വേഷിച്ചെത്തിയ സഹോദരൻ വിഷ്ണുവിന്റെ ബൈക്ക് സ്റ്റേഷന് മുന്നിലുണ്ടായിരുന്ന ഓട്ടോയിൽ തട്ടി. ഇതിന് പിന്നാലെ മഫ്തിയിലുണ്ടായിരുന്ന എ.എസ്.ഐ പ്രകാശ് ചന്ദ്രനുമായുണ്ടായ തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രകാശ് ചന്ദ്രൻ തന്നെ ഇവരെ സ്റ്റേഷനിലേക്ക് വലിച്ചു കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്നാണ് യുവാക്കൾ പറയുന്നത്. ഒപ്പം എംഡിഎംഎ കേസ് പ്രതികളുമായി ചേർത്ത് വ്യാജ കേസ് ചമക്കലും.

 

Follow Us:
Download App:
  • android
  • ios