Covid 19 Kerala : ഒമിക്രോണിനൊപ്പം കുതിക്കുന്ന കൊവിഡ് കണക്ക്; ആശങ്കയോടെ കേരളം, മൂന്നാം തരംഗം?

By Web TeamFirst Published Jan 12, 2022, 7:14 PM IST
Highlights

ക്ലസ്റ്ററുകൾ രൂപപ്പെട്ട് കേസുകളിരട്ടിച്ച് ഒമിക്രോണിലൂടെ മൂന്നാം തരംഗം സംസ്ഥാനത്തെത്തി എന്ന് വിലയിരുത്താവുന്ന നിലയിൽത്തന്നെയാണ് അവസ്ഥ. അയ്യായിരം, ഒൻപതിനായിരം, പന്ത്രണ്ടായിരം എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് കൊവി‍ഡ് സ്ഥിരീകരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി ഉയരുന്ന കൊവിഡ് കണക്കും (Covid Cases) വർധിക്കുന്ന ഒമിക്രോൺ കേസുകളും (Omicron Cases). ഓരോ ദിവസവും സംസ്ഥാനത്തെ കൊവിഡ് കേസുകൾ മുന്നോട്ട് കുതിക്കുകയാണ്. ഇന്ന് 12,742 പേർക്കാണ് കൊവിഡ് സ്ഥീരീകരിച്ചത്.  ടിപിആർ 17.05ലേക്കെത്തി. ക്ലസ്റ്ററുകൾ രൂപപ്പെട്ട് കേസുകളിരട്ടിച്ച് ഒമിക്രോണിലൂടെ മൂന്നാം തരംഗം സംസ്ഥാനത്തെത്തി എന്ന് വിലയിരുത്താവുന്ന നിലയിൽത്തന്നെയാണ് അവസ്ഥ.

അയ്യായിരം, ഒൻപതിനായിരം, പന്ത്രണ്ടായിരം എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് കൊവി‍ഡ് സ്ഥിരീകരിച്ചത്. ഇതിനൊപ്പം ഇന്ന് സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണും സ്ഥിരീകരിച്ചു. തൃശ്ശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

തമിഴ്‌നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഒമിക്രോൺ ക്ലസ്റ്റർ

പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടവെന്നുള്ള വാർത്തയും ഇന്ന് പുറത്ത് വന്നു. വിദേശത്ത് നിന്നും എത്തിയയാളുടെ സമ്പര്‍ക്കത്തിലുള്ള വിദ്യാര്‍ത്ഥിയില്‍ നിന്നും പകര്‍ന്നതാണെന്ന് സംശയിക്കുന്നു. 30 പേര്‍ക്കാണ് നഴ്സിംഗ് കോളേജില്‍ രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കും.

ഇതോടെ ഈ ക്ലസ്റ്റർ അടച്ച് ജനിതക പരിശോധന, ഐസൊലേഷൻ, സമ്പർക്ക പട്ടിക കണ്ടെത്തൽ എന്നിവയിലേക്ക് നീങ്ങുകയാണ് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 290 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 3 പേർക്കും ഈ വകഭേ​ഗം ബാധിച്ചു.

കൊവിഡ് ക്ലസ്റ്റർ

തിരുവനന്തപുരം ഫാർമസി കോളേജിൽ കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികൾ കൂട്ടത്തോടെ കൊവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യമാണ് കോളേജിൽ. ഇത് വരെ 40 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതൽ വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. പുതുവത്സര ആഘോഷമാണ് കൊവിഡ് വ്യാപനത്തിലേക്ക് നയിച്ചതെന്നാണ് അനുമാനിക്കുന്നത്. ആഘോഷത്തിൽ പങ്കെടുത്തവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

ഡെൽറ്റ തന്നെയെന്ന് ആരോ​ഗ്യ വകുപ്പ്

പ്രതിദിന കൊവിഡ് കേസുകളിലെ വർധനയ്ക്ക് കാരണം ഒമിക്രോൺ ആണെന്നാണ് വിദ​ഗ്ധർ നൽകുന്ന മുന്നറിയിപ്പ്. എന്നാൽ, ഇപ്പോഴതത്തെ കുതിപ്പിന് പിന്നിൽ ഡെൽറ്റ വകഭേദം തന്നെയാണെന്നാണ് ഇപ്പോഴും ആരോഗ്യ വകുപ്പിന്റെ നിലപാട്. കേരളം ഉൾപ്പടെ എട്ട് സംസ്ഥാനങ്ങളിൽ കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം ഇന്ന് വ്യക്തമാക്കിയിരുന്നു. 

click me!