
ആലപ്പുഴ: വി എസ് അച്യുതാനന്ദന്‍റെ മരണ ശേഷമുള്ള ആദ്യ ജന്മദിനത്തിലെ വേദന പങ്കുവച്ച് മകൻ വി എ അരുൺ കുമാർ. തന്‍റെയും സഹോദരിയുടെയും ജന്മദിനമാണ് ഇന്നെന്നും, തങ്ങളുടെ ഈ ജന്മദിനത്തിന് കാത്തു നിൽക്കാതെ അച്ഛൻ യാത്രയായതിൽ വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നുവെന്നുമാണ് അരുൺ കുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചത്. കുട്ടിക്കാലം മുതൽ പിറന്നാളുകൾ മിക്കവാറും അമ്മയോടൊപ്പമായിരുന്നു. പുന്നപ്രയിലെ വീട്ടിൽ ആഘോഷങ്ങളൊന്നുമുണ്ടാകാറില്ല. അമ്മ മിട്ടായി വാങ്ങിത്തരും. പാർട്ടി പരിപാടികളുടെ തിരക്കിലായിരിക്കും അച്ഛൻ. എപ്പോഴെങ്കിലും വരുന്ന അച്ഛന്‍റെ ഫോൺ വിളികൾ നൽകുന്നത് വലിയ സന്തോഷമായിരുന്നുവെന്നും അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
അരുൺ കുമാറിന്‍റെ കുറിപ്പ് ഇപ്രകാരം
എന്‍റെയും സഹോദരി
ജൂലൈ 25. എന്റേയും, സഹോദരി ആശയുടെയും ജന്മദിനമാണിന്ന്… കുട്ടിക്കാലം മുതൽ പിറന്നാളുകൾ മിക്കവാറും അമ്മയോടൊപ്പമാണ്, പുന്നപ്രയിലെ വീട്ടിൽ. ആഘോഷങ്ങളൊന്നുമില്ല, അമ്മ മിട്ടായി വാങ്ങിത്തരും. പാർട്ടി പരിപാടികളുടെ തിരക്കിലായിരിക്കും അച്ഛൻ. എപ്പോഴെങ്കിലും വരുന്ന ഫോൺ വിളികൾ നൽകുന്ന സന്തോഷം.. തിരുവനന്തപുരത്തെ താമസം മുതലാണ് പിറന്നാളുകൾ അച്ഛനോടൊപ്പമായത്. ഞങ്ങളുടെ ഈ ജന്മദിനത്തിന് കാത്തു നിൽക്കാതെ അച്ഛൻ യാത്രയായി. വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നു.
കഴിഞ്ഞ ദിവസമാണ് കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രിയും ഉന്നത സി പി എം നേതാവുമായിരുന്ന വി എസ് അച്യുതാനന്ദൻ അന്തരിച്ചത്. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വിലാപയാത്രയും വി എസിന്‍റെ സംസ്കാരവും കേരള ജനതയുടെ കണ്ണീരിൽ കുതിർന്നതായിരുന്നു. സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെ പുന്നപ്രയിലെ വലിയ ചുടുകാട് രക്തസാക്ഷി സ്മാരകത്തിലാണ് വി എസിന്‍റെ ഭൗതിക ശരീരം സംസ്കരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, സി പി എം ജനറൽ സെക്രട്ടറി എം എ ബേബി തുടങ്ങി എല്ലാ നേതാക്കളും മുഴുവൻ സമയവും ഇവിടെ ഉണ്ടായിരുന്നു.