ഓണം ബത്ത; ആനുകൂല്യം മുൻവർഷത്തെപ്പോലെ വിതരണം ചെയ്യുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Published : Aug 07, 2026, 02:12 AM IST
bindu krishna

Synopsis

ഓണം ഉത്സവബത്തയും മറ്റാനുകൂല്യങ്ങളും മുൻവർഷത്തെപ്പോലെ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ഗിഗ് തൊഴിലാളികൾക്കായി പ്രത്യേക നിയമം, വിശ്രമ കേന്ദ്രങ്ങൾ, പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ധനസഹായം എന്നിവയുൾപ്പെടെയുള്ള വിവിധ ക്ഷേമപദ്ധതികളും പ്രഖ്യാപിച്ചു.

തിരുവനന്തപുരം: ഓണം ഉത്സവബത്തയുടെയും മറ്റാനുകൂല്യങ്ങളുടെയും വിതരണത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മുൻവർഷത്തെപ്പോലെ ഇക്കുറിയും സമയബന്ധിതമായി വിതരണം ചെയ്യുമെന്നും തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. ഈ വർഷത്തെ ഓണം ഉത്സവബത്ത, മറ്റാനുകൂല്യ വിതരണം എന്നിവ ചർച്ചചെയ്യാൻ തൈക്കാട് ഗവ: ഗസ്റ്റ് ഹൗസിൽ വിളിച്ച് ചേർത്ത തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള ഉത്സവബത്ത മാർഗനിർദേശങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും. ഐ ടി മേഖലയിലെ തൊഴിൽ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടൽ തുടർന്നുമുണ്ടാകും. മുഖ്യമന്ത്രിയുടെ സമയം ലഭിച്ചാലുടൻ ലേബർകോഡുമായി ബന്ധപ്പെട്ട ശിൽപ്പശാല സംഘടിപ്പിക്കുമെന്നും ഇതിനു കാലതാമസമുണ്ടാകില്ലെന്നും മന്ത്രി ബിന്ദു കൃഷ്ണ ഉറപ്പുനൽകി.

ഗിഗ് തൊഴിലാളികൾക്കായി പ്രത്യേക നിയമത്തിന്റെ കരട് രൂപം തയ്യാറായിട്ടുണ്ട്. നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ഗിഗ് തൊഴിലാളികൾക്കായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ വിശ്രമ കേന്ദ്രവും ചാർജിംഗ് സ്റ്റേഷനും ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ 2,087 തൊഴിലാളികൾക്ക് ഈ വർഷം ഓണത്തിനു 1,000 രൂപ മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്യും. ഇതിനായി 20,87,000 രൂപ അല്ലെങ്കിൽ 20 കിലോ അരി, 1 കിലോ പഞ്ചസാര, 1 കിലോ വെളിച്ചെണ്ണ എന്നിവ വീതമോ അനുവദിക്കുന്നതിനു 23,21,830 രൂപ വകയിരുത്തിയിട്ടുണ്ട്.

മൂന്നു വർഷത്തിലധികമായി പൂട്ടിക്കിടക്കുന്ന കയർ സ്ഥാപനങ്ങൾ, സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങൾ, എസ്റ്റേറ്റുകൾ, എന്നിവിടങ്ങളിലെ 9,806 തൊഴിലാളികൾക്ക് ഓണത്തിന് എക്സ്ഗ്രേഷ്യ അനുവദിക്കുന്നതിനായി 2,000 രൂപ നിരക്കിൽ 1.96 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഒന്നോ അതിലധികമോ വർഷമായി പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് 2,500 രൂപ നിരക്കിൽ എക്സ്ഗ്രേഷ്യ- ധനസഹായം അനുവദിക്കാനായി 3,10,42,500 രൂപയും നീക്കിവച്ചിട്ടുണ്ട്.

മരംകയറ്റ തൊഴിലാളി അവശത പെൻഷൻ, ജോലിയ്ക്കിടയിൽ അപകടം സംഭവിച്ച മരംകയറ്റ തൊഴിലാളിക്ക് ഒറ്റത്തവണ ധനസഹായപദ്ധതി പ്രകാരമുള്ള സഹായം എന്നിവ തുടരും. 2025-26 സാമ്പത്തിക വർഷം മരം കയറ്റ തൊഴിലാളി അവശതാ പെൻഷൻ പദ്ധതി പ്രകാരം 2024 ഡിസംബർ മുതൽ 2025 സെപ്റ്റംബർ വരെയുള്ള പെൻഷൻ വിതരണത്തിനായി 1,030 ഗുണഭോക്താക്കൾക്ക് 1,66,36,200 രൂപ അനുവദിച്ചിട്ടുണ്ട് . മരംകയറ്റ തൊഴിലാളികൾക്ക് ധനസഹായം ലഭ്യമാക്കുന്നതിനായി 2026 ഫെബ്രുവരി 1 മുതൽ 2026 ജൂൺ 31 വരെയുള്ള കാലയളവിൽ ജില്ലാ ലേബർ ഓഫീസർമാർ പാസാക്കിയ 57 പേർക്ക് 38,50,000 രൂപ അനുവദിക്കും. സംസ്ഥാനത്തെ പരമ്പരാഗത തൊഴിൽ മേഖലകളായ കയർ, കൈത്തറി, ഖാദി, മത്സ്യ, ഈറ്റ, പനമ്പ്, ബീഡി-സിഗാർ എന്നീ മേഖലകളിലെ 1,97,093 തൊഴിലാളികൾക്ക് സാമ്പത്തിക പിൻതാങ്ങൽ പദ്ധതി (ഇൻകം സപ്പോർട്ട് സ്‌കീം) പ്രകാരം 82.02 കോടി രൂപ വിതരണം നടത്തി. നടപ്പ് സാമ്പത്തിക വർഷത്തെ (2026-27) ബജറ്റ് വിഹിതത്തിൽ ശേഷിക്കുന്ന 94.75 കോടി രൂപ ഓണത്തോട് അനുബന്ധിച്ച് വിതരണം ചെയ്യും.

ഗാർഹിക തൊഴിലാളികളുടെ ക്ഷേമകാര്യങ്ങൾ പ്രത്യേകം പരിഗണിക്കും. കാലാവധി കഴിഞ്ഞ ഐ ആർ സികൾ പുനഃസംഘടിപ്പിക്കും. അതുവരെ തൽസ്ഥിതി തുടരുമെന്നും മന്ത്രി അറിയിച്ചു. തൈക്കാട് ഗസ്റ്റ് ഹൗസിൽ വൈകിട്ട് മൂന്നിന് ചേർന്ന യോഗത്തിൽ തൊഴിൽ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, അഡീഷണൽ സെക്രട്ടറി ഷീജ, അഡീഷണൽ ലേബർ കമ്മീഷണർ ബിച്ചു ബാലൻ, തൊഴിലാളി നേതാക്കളായ ആർ. ചന്ദ്രശേഖരൻ, വി.ജെ. ജോസഫ്, വി.ആർ. പ്രതാപൻ (ഐഎൻടിയുസി), അഡ്വ. എം. റഹ്‌മത്തുള്ള എംഎൽഎ, കെ.പി. മുഹമ്മദ് അഷ്റഫ്, ജി മാഹിൻ അബു ബക്കർ (എസ്ടിയു), കെ.എസ്. സുനിൽകുമാർ, എസ്. ഹരിലാൽ (സിഐടിയു), കെ പി രാജേന്ദ്രൻ, ബി.ടി. രമ, വി.വി. രാജേന്ദ്രൻ, സി.പി. മുരളി ( എഐടിയുസി), ശിവാസ് സുദർശൻ (ബി.എം.എസ്.) ഷാജി പൂജപ്പുര (കെ ടി യു സി - എം), ചിരട്ടക്കോണം സുരേഷ് (കെടിയുസി - ജേക്കബ്), ടോമി മാത്യു, എസ്. മോഹനൻ (എച്ച്എംഎസ്), മനോജ് പെരുമ്പള്ളി (ഐടിയു), അജിത്ത് കുരീപ്പുഴ, ആനയറ രമേഷ് (ടിയുസിസി), സീതാ ദാസൻ (സേവാ യൂണിയൻ), അഡ്വ. ഗോപി കൊച്ചുരാമൻ, എ.എസ്. രാധാകൃഷ്ണൻ (എച്ച്എംകെപി), സി.ജെ. സുരേഷ് ശർമ (ടിയുസിഐ), ബാബു ദിവാകരൻ, അഡ്വ. ടി.സി. വിജയൻ (യുടിയുസി), കവടിയാർ ധർമ്മൻ, അശ്വിൻ രാധാകൃഷ്ണൻ (കെടിയുസി), സുനിൽ ഖാൻ (ജെഎൽയു), ജോർജ് മത്തായി, ജോർജ് തോമ തുടങ്ങിയവർ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസവകുപ്പിലെ താത്കാലിക ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധം
ആർ. സു​ഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്