
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ ടിക്കറ്റ് നാളെ മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രകാശനം ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ടിക്കറ്റ് പുറത്തിറക്കുന്നത്. ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ ആരംഭിക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാന തുകയാണ് ഇത്തവണ. 30 കോടിയാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് മൂന്ന് കോടി രൂപ ഏജൻസി സമ്മാനമായും നൽകും. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 26 നാണ് നറുക്കെടുപ്പ്.
നാളെ മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടക്കുന്ന ചടങ്ങിൽ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ , ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ്, അഡീഷണൽ ഡയറക്ടർമാരായ ഷാജു പി.എ, അനിൽകുമാർ കെ എസ്, തുടങ്ങിയവർ സന്നിഹിതരാകും. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 30 കോടി രൂപ ഒന്നാം സമ്മാനം വാഗ്ദാനം ചെയ്തുകൊണ്ടാണ് ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി പുറത്തിറക്കിയിരിക്കുന്നത്. ഒരു കോടി വീതം ഇരുപത് പേർക്ക് രണ്ടാം സമ്മാനമായി നൽകുന്നു. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്കും കൂടാതെ 5000 മുതൽ 500 രൂപവരെയുള്ള ലക്ഷകണക്കിന് സമ്മാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അച്ചടിച്ച പേപ്പർ ലോട്ടറി ടിക്കറ്റുകൾ മാത്രം അംഗീകൃത ഏജന്റുമാരിൽ നിന്നോ വില്പനക്കാരിൽ നിന്നോ നേരിട്ട് വാങ്ങേണ്ടതാണ്. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകൾ എന്നിവ വഴി വില്പനയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam