ടാറ്റാ ഗ്രൂപ്പ് കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ 10000 കോടി രൂപയുടെ നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചു. സർക്കാരിന് പ്രൊപ്പോസൽ ലഭിച്ചതായും ഒരു മാസത്തിനകം ചർച്ചകൾ പൂർത്തിയാക്കി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖം ഉൾപ്പെടെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി 'മിഷൻ സമുദ്ര' പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.

തിരുവനന്തപുരം: സംസ്ഥാനത്ത് നിക്ഷേപ സന്നദ്ധരായി ടാറ്റ. കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ നിക്ഷേപ സന്നദ്ധത അറിയിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. 10000 കോടിയുടെ പ്രപ്പോസൽ സർക്കാരിന് നൽകിയെന്നും രൂപരേഖ വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ടാറ്റയുമായുള്ള ചർച്ച ഒരു മാസം കൊണ്ട് പൂർത്തിയാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബർഗിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ആവശ്യമായ ഭൂമി സർക്കാർ അനുവദിക്കുമെന്നും കപ്പൽ നിർമാണ മേഖലയിൽ ടാറ്റാ ഗ്രൂപ്പിന്റെ ആദ്യ സംരംഭമാണിതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയായ മിഷൻ സമുദ്രയുടെ കീഴിൽ എല്ലാ മേഖലയെയും സംയോജിപ്പിച്ച് വൻകിട നിക്ഷേപങ്ങളെ ആകർഷിക്കുന്ന തലത്തിൽ തുറമുഖ വികസനത്തിന്റെ സാധ്യതകൾ കൂടി ഉൾപ്പെടുത്തി മുന്നോട്ടുപോകുകയാണ് സർക്കാറിന്റെ ലക്ഷ്യം. വികസനത്തിന് അനുയോജ്യമായ പദ്ധതികൾക്ക് സ്വകാര്യ നിക്ഷേപം സ്വാ​ഗതം ചെയ്തിരുന്നു. പിന്നാലെയാണ് ടാറ്റയുടെ വാ​ഗ്ദാനം. രൂപരേഖ സംബന്ധിച്ച് പ്രവർത്തന രീതി പുറത്തുവന്നിട്ടില്ല. ഒരുമാസത്തിന് ശേഷം തീരുമാനമുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. വിഴിഞ്ഞത്തെ ഉൾപ്പെടുത്തി മുന്നോട്ട് പോകാനാണ് തീരുമാനം.