ഓണാഘോഷം നിയന്ത്രണം പാലിച്ചെന്ന് മുഖ്യമന്ത്രി; പൊതുസ്ഥലങ്ങളില്‍ ആഘോഷവും സദ്യയും പാടില്ല

By Web TeamFirst Published Aug 17, 2020, 9:28 PM IST
Highlights

ജില്ലാ കളക്ടര്‍മാര്‍ വ്യാപാരി വ്യവസായികളുടെ യോഗം വിളിക്കണം. സംസ്ഥാനത്തേക്ക് എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നടത്തും

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണം പാലിച്ചുകൊണ്ട് ഓണാഘോഷം ക്രമീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഓണാഘോഷ ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനങ്ങള്‍ എടുത്തത്. പൊതുസ്ഥലങ്ങളില്‍ ഓണാഘോഷവും ഓണസദ്യയും പാടില്ല. ഭക്ഷണശാലകളില്‍ സാമൂഹിക അകലം പാലിച്ച് ഭക്ഷണം കഴിക്കാം. കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ തുറക്കാം. ഹോട്ടലുകള്‍ രാത്രി ഒന്‍പത് മണിവരെ തുറക്കാം. ജില്ലാ കളക്ടര്‍മാര്‍ വ്യാപാരി വ്യവസായികളുടെ യോഗം വിളിക്കണം. സംസ്ഥാനത്തേക്ക് എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നടത്തുമെന്നും യോഗത്തില്‍ അറിയിച്ചു. 

സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 75 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 94 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1131 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,029 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,50,332 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റീനിലും 13,697 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1455 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

click me!